SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

ഒരാഴ്ചയ്ക്കിടെ പനി ബാധിതർ 7,635; മലേറിയയും വർദ്ധിക്കുന്നു

fever
fever

കോഴിക്കോട്: ജില്ലയിൽ പനിബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. സർക്കാർ ആശുപത്രികളിൽ മാത്രം ശരാശരി ആയിരത്തിലധികം പേരാണ് ദിവസേന ഒ.പിയിലെത്തുന്നത്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരും കിടത്തി ചികിത്സ തേടുന്നവരും പുറമെ. ഗവ. ആശുപത്രികളിൽ മാത്രം ശരാശരി മുപ്പതിലധികം പേർ ഡെങ്കിപ്പനി ബാധിച്ചെത്തുന്നുണ്ട്. നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമെ മലേറിയയും വർദ്ധിക്കുകയാണ്. ഇന്നലെ വളയത്ത് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒളവണ്ണയിൽ അറുപത്തിരണ്ടുകാരനും രോഗബാധയുണ്ടായി.

രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മഴക്കാലത്തും ശുചീകരണം കൃത്യമായി നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. മഴക്കാല പൂർവ ശുചീകരണത്തിന് ജില്ലയ്ക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി പലയിടത്തും ഫലപ്രദമായി നടന്നില്ല. തിരഞ്ഞെടുപ്പ് തിരക്കിലായതാണ് കാരണമെന്ന് തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പറയുന്നു. അതേസമയം അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചിട്ടുമുണ്ട്. കൂടുതലായി ഒരു കോടി രൂപ കൂടി ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെടും. എന്നാൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശുചീകരണം ഇനി എങ്ങനെ നടക്കുമെന്ന് കണ്ടറിയണം.

മലേറിയ: തദ്ദേശ കേസുകൾ കുറവ്

മലേറിയ കൂടുതലും കാണുന്നത് അന്യസംസ്ഥാന തൊഴിലാളികളിലാണ്. വളയത്ത് റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളും അന്യസംസ്ഥാന തൊഴിലാളികളാണ്. അതേസമയം ഒളവണ്ണയിൽ റിപ്പോർട്ട് ചെയ്തത് പ്രദേശവാസിക്കാണ്. പകർച്ചവ്യാധി തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിൽ ഷിഗെല്ലയ്ക്കെതിരെ പ്രത്യേക ബോധവത്കരണം നടത്തുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഭക്ഷണശാലകൾ കഴിഞ്ഞ ദിവസം പൂട്ടി.

ഡങ്കിപ്പനി കണക്ക്

(10 മുതൽ 16 വരെ)

സംശയിക്കപ്പെടുന്നവർ....195

സ്ഥിരീകരിച്ചത്.... 62 പേർക്ക്

പനിബാധിതർ ഒരാഴ്ചയ്ക്കിടെ....7,635

(സർക്കാർ ആശുപത്രികളിലെ മാത്രം കണക്ക്)

രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും ക്ളോറിനേഷൻ നടത്തുന്നുണ്ട്. റെയിൽവെ സ്റ്റേഷനിലടക്കം ക്യാമ്പുകൾ നടത്തിയിരുന്നു.

-ഡോ. മുനവർ റഹ്മാൻ

ഹെൽത്ത് ഓഫീസർ, കോഴിക്കോട് കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL