SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

പാലം വന്നില്ല: ഇവിടെ ആശ്രയം കടത്തുതോണി

thoni

കോഴിക്കോട്: വികസനത്തിന്റെ ഭാഗമായി പലയിടത്തും പാലങ്ങൾ വന്നെങ്കിലും തലക്കുളത്തൂരിനെയും എലത്തൂരിനെയും ബന്ധിപ്പിക്കുന്നത് ഇപ്പോഴും കടത്തുതോണി. തലക്കുളത്തൂർ പഞ്ചായത്തിലെ നടുവത്തൂരിലുള്ളവർക്ക് കോഴിക്കോട് കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ പെട്ട എലത്തൂരിൽ വേഗമെത്താൻ പൂനൂർപുഴയിലെ കടത്തുതോണിയെ ആശ്രയിക്കണം. ഇല്ലെങ്കിൽ റോഡ് മാർഗം പതിനൊന്ന് കിലോമീറ്ററോളം ചുറ്റിയെത്തണം. എടക്കര, അന്നശ്ശേരി, ചേളന്നൂർ, പട്ടർപാലം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികളും രോഗികളും ഉൾപ്പെടെയുള്ള പ്രദേശവാസികളാണ് ഇതേ തുടർന്ന് ബുദ്ധിമുട്ടുന്നത്. എലത്തൂരിലെയും തിരുവങ്ങൂരിലെയും മൂന്ന് ഹെെസ്കൂളുകളിലേയ്ക്കും എലത്തൂരിലെ രണ്ട് എൽ.പി സ്കൂളുകളിലേയ്ക്കും തലക്കുളത്തൂരിൽ നിന്ന് കുട്ടികൾ പോകുന്നുണ്ട്. റെയിൽവേ സ്റ്റേഷനും പൊലീസ് സ്റ്റേഷനും എലത്തൂരിലാണ്. മൂന്നോളം പേർ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ കടത്തിൽ ഏർപ്പെട്ടിട്ടുള്ളത്. 15 വർഷം മുൻപ് പാലം നിർമ്മിക്കാനായി സർക്കാർ 20 കോടി രൂപ വകയിരുത്തിയെങ്കിലും നടപ്പായില്ല. 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിൽ ചിലർ തർക്കമുന്നയിച്ചു. നീക്കിവച്ച ഫണ്ട് ലാപ്സായി. എട്ട് മീറ്ററാണ് അപ്രോച്ച് റോഡിന് വീതി വേണ്ടത്. ചിലയിടങ്ങളിൽ ഇതിന് കഴിയാതായി. അഞ്ച് ലക്ഷത്തോളം രൂപ മുടക്കി സാദ്ധ്യതാ പഠനവും നടത്തിയിരുന്നു.

പുതിയ സർക്കാരിൽ പ്രതീക്ഷ

പുതിയ സർക്കാരിൽ പ്രദേശ വാസികൾക്ക് പ്രതീക്ഷയുണ്ട്. പഴയ പദ്ധതി കാലഹരണപ്പെട്ടതിനാൽ പുതിയ സാദ്ധ്യതാപഠനമുൾപ്പെടെ നടത്തേണ്ടിവരും. അഡ്വ. വിദ്യാബാലകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. സ്ഥലമേറ്റെടുപ്പിൽ മുൻപ് വിയോജിച്ച എലത്തൂരിലെ ചിലർ ഇപ്പോൾ സഹകരിക്കാനിടയുണ്ടെന്നാണ് വിവരം. പദ്ധതി നടപ്പായാൽ എലത്തൂരിൽ റെയിൽവെ മേൽപ്പാലം വാരാനുമിടയുണ്ട്. ഇപ്പോൾ റെയിൽവെ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കിനും അതോടെ പരിഹാരമാകും.

പാലം വേണമെന്ന പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാർത്ഥ്യമാക്കണം. ഭാവി തലമുറയ്ക്കും വേണ്ടിയാണിത്.

-കെ.ടി മണി,

പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL