
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ ഏതാനും കുട്ടികൾ കുറഞ്ഞാൽ മതി സ്കൂൾ പാചക തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും. 500 വിദ്യാർത്ഥികൾക്ക് ഒരു പാചക തൊഴിലാളിയെന്നാണ് കണക്ക്. ഒന്നോ രണ്ടോ കുട്ടികൾ കുറഞ്ഞാൽ പോലും തൊഴിൽ നഷ്ടപ്പെടും. ജില്ലയിൽ ഇത്തവണ കടലോരത്തും മലയോരത്തുമുള്ള ചില സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് പലർക്കും തൊഴിലില്ലാതായി. മുക്കം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണിത്. ഇവരുടെ കൃത്യമായ കണക്കെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ പാചക തൊഴിലാളി സംഘടനകൾ. സംസ്ഥാനത്ത് എഴുനൂറോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് വിവരം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 300 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയാക്കാൻ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാലത് നടപ്പായില്ല. 250 തൊഴിലാളിക്ക് ഒരു തൊഴിലാളിയാക്കണമെന്നായിരുന്നു സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ചർച്ചയിൽ 300 ആക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചത്. അത് നടപ്പാകാത്തതിൽ തൊഴിലാളികൾക്ക് പ്രതിഷേധമുണ്ട്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് എവിടെയും പുനർനിയമനം ലഭിക്കാറില്ല.
സംസ്ഥാനത്തെ 30 ശതമാനത്തോളം പൊതുവിദ്യാലയങ്ങളിലും ഇതാണ് സ്ഥിതി. പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും ഉച്ചഭക്ഷണം തയ്യാറാക്കൽ വിറകടുപ്പിൽ തുടരുന്നതായി ആക്ഷേപമുണ്ട്.
വേണം, ഇവ
തൊഴിലാളികൾക്ക് ഇൻഷ്വറൻസ്, ഐ.ഡി കാർഡ്, യൂണിഫോം, ഏപ്രൺ തുടങ്ങിയവ ഏർപ്പെടുത്തുമെന്ന് എൽ.ഡി.എഫ് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും നടപ്പാക്കിയില്ല. വിരമിക്കൽ പ്രായം 65 ആക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, തൊഴിലാളികളെ സ്ഥിരം ജീവനക്കരാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിക്കുന്നു.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾ....12,000
സ്കൂൾ പാചക തൊഴിലാളികൾ....13,327
കോഴിക്കോട് ജില്ലയിൽ തൊഴിലാളികൾ....1,500
പ്രതിമാസ ഓണറേറിയം....12,000-13,500
പ്രതിമാസ ശരാശരി പ്രവൃത്തിദിനം....20
അവധിക്കാല അലവൻസ് ഉടൻ നൽകണം. മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിട്ടുണ്ട്.
പി.ജി മോഹനൻ, ജനറൽ സെക്രട്ടറി, സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |