കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനമായിരുന്ന മാവൂർ ഗ്വാളിയോർ റയോൺസ് (ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ്) അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞ ജൂലായ് ഏഴിന് 25 വർഷം. ഇടതുവലതു സർക്കാരുകൾ മാറി വന്നെങ്കിലും ഗ്രാസിമിലെ പൂട്ടുമാത്രം അഴിഞ്ഞില്ല. ഓരോ തിരഞ്ഞെടുപ്പ് കാലത്തും മുന്നണികൾ മാവൂർ ഗ്രാസിം പ്രധാന ചർച്ചാ വിഷയമാക്കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം മറക്കും. 2004ൽ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും മാനേജ്‌മെന്റ് കോടതിയെ സമീപിച്ചതോടെ നീണ്ടുപോയി. 2016ൽ കിൻഫ്ര പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. 2001 ജൂലായ് ഏഴിന് അടച്ചുപൂട്ടിയ ഫാക്ടറി 2007ൽ പൊളിച്ചുനീക്കി. ജനകീയ പ്രതിഷേധം ഭയന്ന് പുതിയ പദ്ധതി കൊണ്ടുവരണമെങ്കിൽ ഫാക്ടറി കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടതുണ്ട് എന്നാണ് മാനേജ്‌മെന്റും അക്കാലത്തെ ഭരണകൂടങ്ങളും ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ തടസം കൂടാതെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും പൊളിച്ചു നീക്കിയിട്ടും പുതിയ പദ്ധതിക്കായി നീക്കങ്ങളൊന്നും ഉണ്ടായില്ല. അടച്ചുപൂട്ടലിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന ഫാക്ടറി ഭൂമി കാടുകയറി കിടക്കുകയാണ്.
ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ബിർള ഗ്രൂപ്പിന്റെ ഗ്വാളിയോർ റയോൺസ് മാവൂരിൽ പ്രവർത്തനം ആരംഭിച്ചത്. സർക്കാർ ഏറ്റെടുത്ത് നൽകിയ 236.46 ഏക്കറും പിന്നീട് കമ്പനി നേരിട്ട് വാങ്ങിയ ഭൂമിയും ഉൾപ്പെടെ 326 ഏക്കറാണ് നിലവിൽ ഗ്രാസിമിന്റെ കൈവശമുള്ളത്.
തുടക്കവും ഒടുക്കവും
1958 മേയ് 30-നാണ് സർക്കാർ ബിർള ഗ്രൂപ്പുമായി ഫാക്ടറി സ്ഥാപിക്കാൻ കരാർ ഒപ്പുവച്ചത്. പിന്നീട് ഫാക്ടറിയിലെ രാസമാലിന്യങ്ങൾ ചാലിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തുടങ്ങിയതോടെ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാനും കാരണമായി. ഇതിനെതിരെ കെ.എ. റഹ്മാന്റെ നേതൃത്വത്തിൽ ശക്തമായ ജനകീയ-പരിസ്ഥിതി പ്രക്ഷോഭം ഉയർന്നു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാൻ മാനേജ്‌മെന്റ് തയ്യാറാകാതിരുന്നതും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും, സർക്കാർ സബ്‌സിഡി നിർത്തലാക്കിയതും, തൊഴിലാളി-മാനേജ്‌മെന്റ് തർക്കങ്ങളും കമ്പനിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഒടുവിൽ ഫാക്ടറി തുടരുന്നത് ലാഭകരമല്ലെന്ന് വിലയിരുത്തിയ ബിർള മാനേജ്‌മെന്റ് 2001-ൽ സ്ഥാപനം പൂർണമായും അടച്ചുപൂട്ടി.
" 25 വർഷമായിട്ടും ഒരു പോംവഴി കണ്ടെത്താൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ് "
-രാമമൂർത്തി
സമര സമിതി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |