SignIn
Kerala Kaumudi Online
Saturday, 11 July 2026 3.02 AM IST

പൊളിച്ചടുക്കാൻ ഏറെയുണ്ട് ജീർണ്ണിച്ച കെട്ടിടങ്ങൾ

bul
ജീർണ്ണിച്ച കെട്ടിടങ്ങൾ

കോഴിക്കോട്: പൊളിക്കാൻ നടപടിയായി....നാളെ പൊളിക്കും.....റിപ്പോർട്ട് കിട്ടിയിട്ട് പൊളിക്കും.. നഗരത്തിലെ ജീർ‌ണിച്ച കെട്ടിടങ്ങൾ ഓരോന്ന് വീഴുമ്പോഴും കോർപ്പറേഷൻ പറയുന്ന പതിവ് ന്യായങ്ങൾ. എൻജിനീയറിംഗ് വിഭാഗം അൺഫിറ്റായ കെട്ടിടം ഉടൻ പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയിട്ടും എൻ.ഐ.ടിയുടെ റിപ്പോർട്ടിന് കാക്കുന്ന കോർപ്പറേഷന്റെ പിടിവാശിയിൽ നഗരത്തിൽ ജനത്തിന് ഭീഷണിയായി ഉള്ളത് നൂറിലധികം കെട്ടിടങ്ങൾ. വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് നാലുപേർ മരിച്ച് മാസങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല. വെസ്റ്റ് കല്ലായി പഴയ പോസ്റ്റ് ഓഫീസിനു സമീപം കുണ്ടുങ്ങൽ റോഡിലെ രണ്ടുനില കെട്ടിടം, ഹൽവ ബസാർ ഭാഗത്തെ കെട്ടിടത്തിന്റെ ഭാഗം,കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ സീലിംഗ്, ബീച്ച് ആശുപത്രി സീലിംഗ് ഇവയെല്ലാം വീണുകൊണ്ടിരിക്കുകയാണ്.

 കെട്ടിടങ്ങൾക്കെല്ലാം

പുറംഭംഗി മാത്രം

പുറമേ നിന്ന് കാണുമ്പോൾ സുരക്ഷിതമെന്ന് തോന്നുന്ന പല കെട്ടിടങ്ങളുടെയും ചുമരുകളും മേൽക്കൂരയും ജീർണിച്ച നിലയിലാണ്. പാളയം ത്രിവേണി ബിൽഡിംഗ്, കോർപ്പറേഷൻ സ്റ്റേഡിയം, മിഠായിത്തെരുവ്, കാരപ്പറമ്പ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, ബീച്ച് പരിസരം, വലിയങ്ങാടി പരിസരം എന്നിവിടങ്ങളിലെല്ലാം വീഴാനായി നിൽക്കുന്ന കെട്ടിടങ്ങളുണ്ട്. ഇവയിലെല്ലാം വ്യാപാര സ്ഥാപനങ്ങളാണ്. കെട്ടിടങ്ങളുടെ കെട്ടുറപ്പ് പരിശോധിക്കാതെയാണ് പല സ്ഥാപനങ്ങൾക്കും കോർപ്പറേഷൻ ലൈസൻസ് പുതുക്കി നൽകുന്നതെന്നാണ് പരാതി ഉയരുന്നത്.

 എൻ.ഐ.ടി 'വിധി ' കാത്ത് 21 കെട്ടിടങ്ങൾ

വലിയങ്ങാടി അപകടത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ നടത്തിയ ഫിറ്റ്നസ് പരിശോധനയിൽ 21 കെട്ടിടങ്ങൾ പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അടിയന്തര നടപടി ആവശ്യമായവ, അറ്റകുറ്റപ്പണി നടത്തി നിലനിർത്താവുന്നവ, സുരക്ഷിതമായി ഉപയോഗിക്കാവുന്നവ എന്നിങ്ങനെ കെട്ടിടങ്ങളെ തരംതിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 16 എണ്ണം ഉടൻ പൊളിച്ച് നീക്കേണ്ടവയായിരുന്നു. എന്നാൽ

അപകട ഭീഷണിയുയർത്തുന്ന കോർപ്പറേഷൻ കെട്ടിടങ്ങളിൽ എൻ.ഐ.ടി പരിശോധന നടത്തിയ ശേഷം പൊളിക്കാമെന്ന് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. എൻ.ഐ.ടിയുടെ പരിശോധന പുരോഗമിക്കുന്നുണ്ടെങ്കിലും വേഗതപോരെന്നാണ് ആരോപണം.

''വിദഗ്ദ്ധ പരിശോധനയ്ക്ക് വേഗം പോര. പ്രത്യേക താത്പര്യങ്ങൾ സംരക്ഷിക്കാൻ അന്വേഷണ സംഘത്തെ ഉപയോഗിക്കുന്നു എന്ന് സംശയിക്കുന്നു. ചില കെട്ടിടങ്ങളിൽ മാത്രം റിപ്പോർട്ട് വേഗം നൽകുന്ന സ്ഥിതിയുണ്ട്. അപകടമുണ്ടായ വലിയങ്ങാടിയിലെ കെട്ടിടം ഇനിയും പൊളിച്ച് നീക്കിയിട്ടില്ല. കോർപ്പറേഷൻ ക്രിയാത്മകമായി ഇടപെടൽ നടത്തുന്നില്ല''-എസ്.വി ഷമീൽ തങ്ങൾ

''എൻ.ഐ.ടി പരിശോധന വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിയിലേക്ക് നീങ്ങും'' ഡി.സാജു, സെക്രട്ടറി കോർപ്പറേഷൻ.

English Summary

Kozhikode city faces a threat from over 100 dilapidated buildings. Following a fitness check, 21 Corporation-owned structures were deemed unfit, with 16 requiring immediate demolition. Despite an engineering report, the Corporation awaits an NIT inspection before proceeding. A sunshade collapse at a Valiyangadi Corporation building months ago killed four people, underscoring the pressing issue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL