SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

വീട്ടിൽ തുടങ്ങി, നാട്ടിലും ഹിറ്റായി 'ഹോംഷോപ്പ്'

manjula
സ്വന്തം നിർമ്മാണ യൂണിറ്റിലെ പ്രവർത്തനങ്ങൾക്കിടയിൽ മഞ്ജുള

കോഴിക്കോട്: കുടുംബശ്രീ അയൽക്കൂട്ടത്തിൽ നിന്നും 5,000 രൂപ വായ്പയെടുത്ത് സോപ്പും സോപ്പ് ഉത്പന്നങ്ങളുമുണ്ടാക്കി പരിസരത്തെ വീടുകളിൽ വിറ്റ പേരാമ്പ്ര, കൈതക്കൽ സ്വദേശി മഞ്ജുള അയൽവാസികളായ മറ്റ് സ്ത്രീകളെയും കൂടെക്കൂട്ടി.

വിവിധ പഞ്ചായത്തുകളിലായി നിരവധി സ്ത്രീകളെ പരിശീലിപ്പിച്ച്, അവരെ ചെറുസംരംഭകരാക്കി. ഓരോ വീടുകളും ഉത്പാദന, വിപണന കേന്ദ്രങ്ങളുമായി. പതുക്കെയാണെങ്കിലും വിജയിച്ചുകൊണ്ടിരുന്ന സംരംഭം സംസ്ഥാന കുടുംബശ്രീ മിഷന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതിന് ഹോംഷോപ്പ് എന്ന് പേരിട്ടു. കുടുംബശ്രീയുടെ വിജയ പദ്ധതിയുമായി. കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് 2010 ജൂലായ് 29നാണ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ ഭർത്താവ് പ്രസാദ് കെെതക്കലിന്റെ പിന്തുണയുമുണ്ടായി. ഇന്ന് സംസ്ഥാനത്തുള്ള 40,000 ഹോംഷോപ്പുകളുടെ തുടക്കം ബി എഡുകാരിയായ മഞ്ജുളയിൽ നിന്നാണ്. ഒരദ്ധ്യാപികയ്ക്ക് കിട്ടുന്നതിനേക്കാൾ വരുമാനവും മഞ്ജുളയ്ക്കുണ്ട്.

ശാസ്ത്രസാഹിത്യ പരിഷത്ത്, ഐ.ആർ.ടി.സി, പ്രസാദ് കെെതക്കലിന്റെ നേതൃത്വത്തിലുള്ള സ്വാശ്രയ ബോധന കേന്ദ്രം തുടങ്ങിയവയിലൂടെയാണ് മഞ്ജുള പരിശീലനം നേടിയത്. ഇന്ന് 140 ഉത്പന്നങ്ങളുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം 60 ഉത്പാദന യൂണിറ്റുകളിലൂടെ 1500 കുടുംബങ്ങളുടെ ഉപജീവന മാർഗവുമാണ്. മാനേജ്മെന്റ് കമ്മിറ്റികൾക്കാണ് മേൽനോട്ട ചുമതല. കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻസ് (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗവുമാണ് മഞ്ജുള. മക്കൾ: പരേതയായ സൈന എം. പ്രസാദ്, ആമി പ്രേമജ് (ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി).

ഹോംഷോപ്പ് പദ്ധതി

ഉത്പന്നങ്ങൾ വീടുകളിലെത്തിച്ച് വിറ്റ് സ്ഥിരം വിപണിയും വരുമാനമുണ്ടാക്കുന്നു. വാർഡുകളിൽ രണ്ടു വീതം പേർക്ക് തൊഴിൽ ലഭിക്കും. കെ-ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന വ്യാപകമായി ഹോംഷോപ്പുകളും മാനേജ്മെന്റ് ഏർപ്പെടുത്തിയ ക്ഷേമ-സുരക്ഷ പദ്ധതികളുമുണ്ട്. കുറഞ്ഞ പലിശയ്ക്ക് വാഹനവായ്പയും പരിശീലനമടക്കമുള്ള മറ്റ് സൗകര്യങ്ങളും കുടുംബശ്രീ നൽകുന്നു. സമ്പാദ്യ, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ആരോഗ്യസുരക്ഷ പദ്ധതികളുമുണ്ട്.

ഉത്പന്നങ്ങളിൽ ചിലത്

സാനിറ്ററി നാപ്കിൻ, പുട്ടുപൊടി, പത്തിരിപ്പൊടി, സേമിയകൾ, അച്ചാറുകൾ, ജാം, ഓട്ട്സ്, ഷാംപൂ, സോപ്പുകൾ, ഫ്ളോർ, ടോയ്ലറ്റ് ക്ളീനറുകൾ, ഡിഷ്, ക്ളോത്ത് വാഷ്...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL