SignIn
Kerala Kaumudi Online
Monday, 31 August 2026 1.19 AM IST

'സൺഡേ ബ്രേക്ക്ഫാസ്റ്റ് ' @ 11 വലിയങ്ങാടിയിലേക്ക് വരൂ... വിശപ്പടക്കി പോകാം

sunday
സൺഡേ ബ്രേക്ക്ഫാസ്റ്റ് പദ്ധതിയുടെ ഭാഗമായി വലിയങ്ങാടിയിൽ ഒരുക്കിയ ഭക്ഷണം കഴിക്കുന്നവർ

സൗജന്യ ഭക്ഷണം

ഞായറാഴ്ചകളിൽ

ഏഴുമണി മുതൽ

കോഴിക്കോട് : വിശക്കുന്നവർക്ക് മുന്നിൽ മനസലിയുന്ന കോഴിക്കോട്ടുകാരുടെ നന്മയ്ക്ക് മറ്റൊരദ്ധ്യായം കൂടി 'സൺഡേ ബ്രേക്ക്ഫാസ്റ്റ് '. അവിടെ ആരും അപരിചിതരല്ല, ആരും വിശന്നിരിക്കില്ല. 11 വർഷമായി ഒരു ഞായറാഴ്ച പോലും മുടങ്ങാതെ തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് പ്രഭാത ഭക്ഷണം വിളമ്പുകയാണ് വലിയങ്ങാടിയിലെ ഈ സ്നേഹക്കൂട്ടായ്മ. ഞായറാഴ്ചകളിൽ രാവിലെ ഏഴ് മണിക്ക് വലിയങ്ങാടിയിൽ നടക്കുന്ന ഭക്ഷണ വിതരണത്തിൽ മുന്നൂറോളം ആളുകളാണ് പങ്കാളികളാകുന്നത്. 2015ലാണ് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന 11 സുഹൃത്തുക്കൾ ചേർന്ന് ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടത്. ഇന്റീരിയർ കോൺട്രാക്ടറായ ഗിരീഷ് ബാബു, അരയിടത്തുപാലം മലബാർ സൂപ്പർമാർക്കറ്റ് ഉടമ റഷീദ്, പയ്യാനക്കൽ നഹാ ക്ലിനിക്ക് ഉടമ സിദ്ദിഖ് എന്നിവരാണ് അണിയറയിൽ. ഭാരവാഹികളോ ബാങ്ക് അക്കൗണ്ടോ പണപ്പിരിവോ ഇവിടെയില്ല. സ്‌പോൺസർഷിപ്പ് വഴി തുക കണ്ടെത്തും. ജന്മദിനം, ഓർമ്മ ദിവസങ്ങൾ എന്നീ വിശേഷ ദിവസങ്ങളിൽ ഭക്ഷണം നൽകാൻ താല്പര്യപ്പെടുന്നവരിൽ നിന്ന് തുക സ്വീകരിക്കുകയും ഗ്രൂപ്പിലുള്ളവരുടെ വീടുകളിൽ വെച്ച് ഭക്ഷണം പാകം ചെയ്യുകയുമാണ് പതിവ്. പൊറോട്ട, വെള്ളയപ്പം, ചിക്കൻ/വെജിറ്റബിൾ കറി, ചായ എന്നിവയാണ് വിഭവങ്ങൾ. ഒപ്പം പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളും കൂട്ടായ്മക്കൊപ്പമുണ്ട്. പുഴുങ്ങിയ മുട്ടയും പഴം നിറച്ചതും എല്ലാ ആഴ്ചയും ഇദ്ദേഹം സ്പോൺസർ ചെയ്യുന്നു.

എല്ലാം സുതാര്യം

സ്‌പോൺസർമാർ കുടുംബാംഗങ്ങൾക്കൊപ്പമെത്തി വേണം ഭക്ഷണം വിതരണം ചെയ്യണമെന്ന നിർബന്ധം ഇവർക്കുണ്ട്. സ്പോൺസർ ചെയ്യുന്ന തുകയിൽ നിന്ന് പണം മിച്ചം വന്നാൽ തിരിച്ചേൽപ്പിക്കും. റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്കും തെരുവിൽ കഴിയുന്നവർക്കും ഞായറാഴ്ചകളിൽ ഹോട്ടലുകൾ അടഞ്ഞുകിടക്കുന്ന വലിയങ്ങാടിയിൽ ഈ കൂട്ടായ്മ വലിയ ആശ്വാസമാണ്. ഓണം, വിഷു, പെരുന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ബിരിയാണിയും സദ്യയും ഉണ്ടാകും. മുമ്പ് കോഴിക്കോട് ബീച്ച് ആശുപത്രി പെയിന്റ് ചെയ്യൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ പിന്നീട് ഭക്ഷണ വിതരണത്തിലേക്ക് തിരിഞ്ഞു. കൊവിഡ് കാലത്ത് താത്കാലികമായി നിന്നുപോയെങ്കിലും നിയന്ത്രണങ്ങൾ മാറിയതോടെ വീണ്ടും സജീവമായി.

"കുട്ടികൾ ഭക്ഷണത്തിന്റെ വിലയും ബുദ്ധിമുട്ടും അറിയണം. ഇവിടത്തെ പ്രവർത്തനങ്ങളിൽ പങ്കുചേരുമ്പോൾ അവർക്കത് മനസിലാക്കാനാവും."

-ഗിരീഷ് ബാബു, 'സൺഡേ ബ്രേക്ക്ഫാസ്റ്റ്' കൂട്ടായ്മ അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL