SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.59 AM IST

വേട്ടേക്കോടിനെ വീണ്ടെടുക്കാം: ഖരമാലിന്യം നീക്കുന്ന പ്രവൃത്തിക്ക് തുടക്കം

മഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ഖരമാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബയോ മൈനിംഗ് പ്രവൃത്തിയുടെ സ്വിച്ച് ഓൺ കർമം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്ല്യു.എം.പി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. 1.10 ഏക്കർ ഭൂമിയിൽ നിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കം ചെയ്യുന്നത്. രണ്ട് ഷിഫ്‌റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുക. ഒരു മാസത്തിനുള്ളിൽ വേട്ടേക്കാട് നിന്ന് മാലിന്യം പൂർണമായും നീക്കം ചെയ്യും. 2.75 കോടിയാണ് ഇതിന് ചെലവ് വരുന്നത്. മാലിന്യം തരംതിരിക്കുന്നതിനാവശ്യമായ ആധുനിക യന്ത്രം കഴിഞ്ഞ ദിവസം വേട്ടേക്കോട് എത്തിച്ചിരുന്നു. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോ മൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യങ്ങൾ സിമന്റ് കമ്പനിയിലേക്ക് കയറ്റി അയക്കും. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ വി.എം സുബൈദ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ ഖൈറുന്നീസ, എൽസി, വാർഡ് കൗൺസിലർ ബേബി കുമാരി, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ, ബയോ മൈനിംഗ് പദ്ധതി നിർവഹണത്തിനുള്ള ജില്ലാ മോണിറ്ററിംഗ് ചെയർമാനും എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയറുമായി സി.ആർ. മുരളീകൃഷ്ണൻ, മുൻ നഗരസഭാ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, മഞ്ചേരി അഗ്നിരക്ഷാ നിലയം മേധാവി പി.വി സുനിൽ കുമാർ, ജെ.എ. നുജൂം, റഷീദ് പറമ്പൻ, എ.എം സെയ്തലവി, കെ. ഉബൈദ്, ആർ.ജെ. രാഗി, ഡോ. സി. ലതിക, എൽ. ദേവിക, ഇ. വിനോദ് കുമാർ, എ. ശ്രീധരൻ, ബീന സണ്ണി, പി. വിജീഷ്, പ്രസാദ് ഗോപാൽ, പി.പി സറഫുന്നീസ, സഹദ് മിർസ തുടങ്ങിയവർ സംസാരിച്ചു.


മുഖം മിനുക്കാൻ പാർക്ക് വരുന്നു

വേട്ടേക്കോടിന്റെ മുഖച്ഛായ മാറ്റാൻ പാർക്ക് വരുന്നു. മാലിന്യം പൂർണമായി നീക്കം ചെയ്ത ശേഷമാണ് 1.5 ഏക്കർ സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിൽ പാർക്ക് ഒരുക്കുന്നത്. വർഷങ്ങളായി മാലിന്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു പ്രദേശവാസികൾ. കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് വേട്ടേക്കോട് നിവാസികൾ.

ഖര മാലിന്യം നീക്കം ചെയ്യുമ്പോൾ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. എല്ലാവിധ മുൻ കരുതലും സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. വേനൽ കാലം ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളം എത്തിച്ച് പമ്പ് ചെയ്യുന്നുണ്ട്.പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രവൃത്തിയുടെ വിവരങ്ങളും മറ്റും ജനങ്ങളെ അറിയിക്കുന്നുണ്ട്.

വി.എം സുബൈദ,​ മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL