
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ആയുധങ്ങൾ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ ഉത്തരവായി. തോക്കുകൾ, കുന്തം, വാൾ, ലാത്തികൾ തുടങ്ങി സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന ആയുധങ്ങൾ പൊതുസ്ഥലങ്ങളിൽ കൊണ്ടുനടക്കുന്നതിന് തിരഞ്ഞടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർക്ക് ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധന നടത്തുകയും ക്രമസമാധാന പാലനത്തിന് അത്യാവശ്യമെന്ന് കണ്ടാൽ അവ പിടിച്ചെടുക്കുകയും ചെയ്യും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
ദേശസാൽകൃത/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ഉദ്യോഗസ്ഥർ, നാഷണൽ റൈഫിൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത കായിക താരങ്ങൾ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിക്കും. ഇവർ വ്യക്തിഗത ഇളവ് ഉത്തരവ് വാങ്ങിയിരിക്കണം. കൂടാതെ, ആചാരപരമായ കാര്യങ്ങൾക്കായി ആയുധങ്ങൾ ഉപയോഗിക്കുന്ന സമുദായങ്ങൾക്കും ഇളവുണ്ട്. എന്നാൽ ഇത്തരക്കാർ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടാൽ കർശന നടപടിയുണ്ടാകും. തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ജില്ലാ കളക്ടർ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |