മലപ്പുറം: വേനൽ ചൂടിനെ മറികടക്കുംവിധം തിരഞ്ഞെടുപ്പ് ചൂട് ഉയർന്നതോടെ മൂന്ന് ആഴ്ചയോളമായി വിശ്രമമില്ലാത്ത ഓട്ടവും ക്രമമില്ലാത്ത ഭക്ഷണരീതിയും ഉറക്കമില്ലാത്ത രാത്രികളുമായിരുന്നു സ്ഥാനാർത്ഥികൾക്ക് കൂട്ട്. വോട്ട് പെട്ടിയിലായതോടെ ഇനി പല പദ്ധതികളാണ് സ്ഥാനാർത്ഥികളുടെ മനസ്സിൽ.
കുടുംബത്തിനൊപ്പം മഞ്ഞളാകുഴി അലി
തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കൊഴിഞ്ഞു, ഇനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനുള്ള തീരുമാനത്തിലാണ് മങ്കട മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലി. പ്രചാരണ സമയത്ത് കുടുംബത്തിനൊപ്പം പങ്കിടാനുള്ള സമയം ലഭിച്ചിരുന്നില്ല. മക്കളും പേരമക്കളുമെല്ലാം വീട്ടിലുണ്ട്. ആ കളിചിരികളുമായി അല്പ ദിവസം. അതിനൊപ്പം, തിരഞ്ഞെടുപ്പ് അവലോകനങ്ങളിലും പങ്കെടുക്കും.
മണ്ഡലം വിട്ട് എങ്ങോട്ടുമില്ലെന്ന് നജീബ് കാന്തപുരം
ചൂടേറിയ പ്രചാരണ പ്രവർത്തനങ്ങൾ കഴിഞ്ഞെങ്കിലും മണ്ഡലം വിട്ട് എങ്ങോട്ടും പോവില്ലെന്നാണ് പെരിന്തൽമണ്ണ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം പറയുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്തതിനാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചെയ്യേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ പദ്ധതികൾ ഇനിയുള്ള ദിവസങ്ങളിൽ രൂപീകരിക്കുമെന്ന് അദ്ദേഹം പറയുന്നു. വോട്ട് ചെയ്ത ജനങ്ങളെ കാണാനെത്തും. ജനാഭിലാഷങ്ങൾ കേൾക്കും. നിരവധി കല്ല്യാണങ്ങളിലും പങ്കെടുക്കാൻ ക്ഷണമുണ്ട്.
ജനങ്ങൾക്കൊപ്പമെന്ന് കെ.ടി.ജലീൽ
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തനിക്ക് പ്രിയം ജനങ്ങളോട് ഇടപഴകുന്നതാണെന്ന് തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ.ടി.ജലീൽ പറയുന്നു. ദിനചര്യകളിലൊന്നും പ്രത്യേകിച്ച് മാറ്റം വരില്ലെന്നും കൃത്യമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി തിരക്കുകളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറയുന്നു.
അവലോകനങ്ങളുടെ തിരക്കിൽ എ.പി.അനിൽകുമാർ
കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറ് കൂടിയല്ലേ, പിന്നെ വെറുതെ ഇരിക്കുന്നതെങ്ങനെ... വണ്ടൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി.അനിൽകുമാർ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളുടെ തിരക്കിലാവും. അതിനൊപ്പം, എം.എൽ.എ കൂടിയായതിനാൽ നിരവധി മണ്ഡലംതല പരിപാടികളിലും പങ്കെടുക്കാനുണ്ട്.
പ്രവർത്തകരെ നേരിൽ കാണാൻ ദീപ പുഴയ്ക്കൽ
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വെറുതെയിരിക്കാനില്ലെന്നാണ് താനൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ദീപ പുഴയ്ക്കൽ പറയുന്നത്. ഇന്ന് മുതൽ പ്രചാരണ സമയങ്ങളിൽ മുഴുവൻ പിന്തുണയും നൽകിയ പ്രവർത്തകരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം. ബൂത്ത് മുതൽ പഞ്ചായത്ത് തലം വരെയുള്ള പരിപാടികളും ഏറെയുണ്ട്. പ്രചാരണ സമയത്ത് ശ്രദ്ധയിൽപ്പെട്ട മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങൾ അണികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാനുള്ള എല്ലാ ശ്രമവും ഇന്ന് മുതൽ തുടങ്ങുമെന്നും ദീപ പുഴയ്ക്കൽ പറയുന്നു.
യോഗങ്ങളിലേക്ക് ആബിദ് ഹുസൈൻ തങ്ങൾ
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഫലത്തെ സംബന്ധിച്ച അവലോകന പരിപാടികളുടെ തിരക്കിലാവും കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആബിദ് ഹുസൈൻ തങ്ങൾ. പഞ്ചായത്ത്-ബൂത്ത് തലങ്ങളിലെ ചെയർമാൻമാരെ വിളിച്ചുകൂട്ടി കൃത്യമായ വിലയിരുത്തൽ നടത്തും. മാത്രമല്ല, ഇന്ന് മുതൽതന്നെ നിരവധി പൊതുപരിപാടികളുടെ ഉദ്ഘാടനത്തിനും മുഖ്യാതിഥിയായും പങ്കെടുക്കാനുണ്ട്.
കോടതിയിലേക്ക് അഡ്വ.ശ്രീപ്രകാശ്
ഇനി കോടതിയിൽ കാണാം...ഏറനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീപ്രകാശ് ഇനി അഭിഭാഷക വൃത്തിയിൽ സജീവമാകും. ഇന്ന് മൂന്ന് സാക്ഷി വിചാരണകളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണമായതിനാൽ കോടതിയിൽ പോവാൻ സമയം ലഭിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് അവലോകനങ്ങളും കൃത്യമായി നടക്കും.
വോട്ടർമാരെ നന്ദിയറിയിക്കാൻ ഗിരീഷ് മേക്കാട്
ഇന്ന് മുഴുവൻ മണ്ഡലത്തിലെ വോട്ടർമാരെ കണ്ട് നന്ദി അറിയിക്കാനാണ് നിലമ്പൂർ എൻ.ഡി.എ സ്ഥാനാർത്ഥി ഗിരീഷ് മേക്കാട് സമയം ചെലവഴിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ സാധാരണ പോലെ പൊതുപ്രവർത്തനങ്ങളിൽ സജീവമാവും. എൻ.ഡി.എയുമായി കൂടിയിരുന്ന് മണ്ഡലം അവലോകനവും നടത്തും.
വീട്ടിലാവും യു.ഷറഫലി
ഇന്ന് തിരക്കുകളിൽ നിന്നെല്ലാം വിട്ട് വീട്ടിൽത്തന്നെ ചെലവഴിക്കാനാണ് നിലമ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ഷറഫലി ആഗ്രഹിക്കുന്നത്. നാളെ മുതൽ പാർട്ടിയുടെ റിവ്യൂ മീറ്റിംഗുകളിലേക്ക് കടക്കും. മണ്ഡലത്തിലെ ജനങ്ങളെ നേരിൽക്കണ്ട് നന്ദിയറിക്കാനും ഷറഫലി എത്തും.
ഇനി അൽപ്പം വിശ്രമമെന്ന് ഡോ.പി.ജിജി
മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഡോ.പി.ജിജി ഇന്ന് മുതൽ മേഖലയിൽ കൂടുതൽ സജീവമാവും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും സമയം കണ്ടെത്തും. അല്പം വിശ്രമവും അനിവാര്യമാണെന്ന് ജിജി പറയുന്നു. വോട്ടർമാരെ നേരിട്ട് കാണാനുമെത്തും. അവലോകന യോഗങ്ങളിലും പങ്കെടുക്കും.
വിലയിരുത്തലിലേക്ക് രവി തേലത്ത്
മണ്ഡലത്തിലെ എല്ലാ ബൂത്തുകളിൽ നിന്നുമുള്ള പോളിംഗ് നോക്കി വിലയിരുത്തലിലേക്ക് കടക്കുകയാണ് ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമായും ചെയ്യുകയെന്ന് തവനൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രവി തേലത്ത് പറയുന്നു. തുടർന്ന്, വോട്ടെണ്ണലിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.
അവലോകന തിരക്കിലേക്ക് കുറുക്കോളി മൊയ്തീൻ
ഇന്ന് തിരഞ്ഞെടുപ്പ് അവലോകന തിരക്കുകളിലേക്ക് കടക്കുകയാണ് തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ. മണ്ഡലത്തിലെ പ്രധാന ആളുകളെ കാണും. കൂടാതെ, കുടുംബത്തോടൊപ്പം കുറച്ച് ദിവസം കൂടുതൽ സമയം ചെലവഴിക്കും.
സുഹൃത്തുക്കൾക്കൊപ്പം അഡ്വ.ഷഫീർ കിഴിശ്ശേരി
കുടുംബവും സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കാനാണ് ഏറനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഷഫീർ കിഴിശ്ശേരി ആഗ്രഹിക്കുന്നത്. അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന് പ്രചാരണത്തിരക്കിനിടയിൽ കോടതിയിൽ പോവാൻ സമയം ലഭിച്ചിരുന്നില്ല. ഒരാഴ്ച്ചയ്ക്ക് ശേഷം ജോലിയിൽ സജീവമാകും. സംഘടനാ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ സജീവമായതിനാൽ തിരക്കുകളൊന്നും പ്രശ്നമല്ലെന്ന് അദ്ദേഹം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |