മലപ്പുറം: വനിതാ സംരംഭകർക്ക് കൂടുതൽ വിപണി ഉറപ്പാക്കുന്നതിനൊപ്പം കുടുംബശ്രീ ഉല്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുക കൂടി ലക്ഷ്യമിട്ട് 'ഓണം കുടുംബശ്രീയോടൊപ്പം' എന്ന സന്ദേശമുയർത്തി 222 വിപണന മേളകളൊരുക്കി കുടുംബശ്രീ. ഓരോ അയൽക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരു ഉല്പന്നമെങ്കിലും ലഭ്യമാക്കി ഓരോ സി.ഡി.എസിലും രണ്ട് വിപണനമേളകളാണ് സംഘടിപ്പിക്കുക. ആകെ 111 സി.ഡി.എസുകളാണ് ജില്ലയിലുള്ളത്. ജില്ലാതല വിപണന മേള മഞ്ചേരിയിൽ അഹമ്മദ് കുരിക്കൽ സ്മാരക മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽ 20 മുതൽ 24 വരെ നടക്കും. മറ്റിടങ്ങളിലെ മേളകൾ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും നടത്തണം. നടത്തിപ്പിനായി ഓരോ സി.ഡി.എസിനും 10,000 രൂപ നൽകും., തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും പണം ലഭ്യമാകും.
ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി എഫ്.എസ്.എസ്.എ.ഐ, മറ്റ് അനുബന്ധ രജിസ്‌ട്രേഷനുള്ള സംരംഭകരെ മാത്രമേ പരിഗണിക്കൂ. ഒരു സി.ഡി.എസിൽ ലഭ്യമല്ലാത്ത ഉല്പന്നങ്ങൾ മറ്റ് സി.ഡി.എസുകളിൽ നിന്നെത്തിക്കും. എല്ലാവർക്കും എത്തിച്ചേരാനും ഉല്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും മഴമൂലം പ്രശ്നങ്ങളുണ്ടാകാത്തതുമായ സ്ഥലങ്ങളാണ് ഓണച്ചന്തയ്ക്കായി തിരഞ്ഞെടുക്കുക. മേള പ്ലാസ്റ്റിക്ക് രഹിതമാണ്. കാർഷിക ഉല്പന്നങ്ങൾ, ഹരിതകർമ്മസേന, സാന്ത്വനം, ഹർഷം വൊളന്റിയർമാർ എന്നിവർക്ക് ആവശ്യമെങ്കിൽ പ്രത്യേകം കൗണ്ടറുകളൊരുക്കും. നടത്തിപ്പിന് സി.ഡി.എസ് തലത്തിൽ സംഘാടകസമിതികൾ രൂപീകരിക്കും.
ഓണക്കിറ്റെത്തും
ചിപ്സ്, ശർക്കര വരട്ടി, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പായസം മിക്സ്, സാമ്പാർപൊടി, പപ്പടം, അച്ചാർ, വെളിച്ചെണ്ണ, സഞ്ചി തുടങ്ങിയ 11 ഇനം സാധനങ്ങളാണ് കുടുംബശ്രീയുടെ ഓണക്കിറ്റിലൂടെ ലഭ്യമാക്കാൻ നിർദേശിച്ചിട്ടുള്ളത്. എങ്കിലും അതത് സി.ഡി.എസുകൾക്ക് തീരുമാനിക്കാം.
സി.ഡി.എസ് പരിധിയിൽ ലഭ്യമായ വിവിധ കുടുംബശ്രീ ഉല്പന്നങ്ങളും കിറ്റിൽ ഉൾപ്പെടുത്താം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കിറ്റുകളെത്തിക്കാൻ ധനസഹായത്തിന് താല്പര്യമുള്ള അയൽക്കൂട്ട അംഗങ്ങളിൽ നിന്നോ സ്‌പോൺസർഷിപ്പ് വഴിയോ തുക കണ്ടെത്തും.
മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് ഓണസദ്യയും എത്തിക്കും.
ആകെ വിൽപ്പന (2025) - 3.90 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |