കഞ്ചിക്കോട്: ആനകളുടെയും കാട്ടുപന്നികളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയ വാളയാറിൽ ചെന്നായ ശല്യവും തുടങ്ങി. രാത്രി കാലങ്ങളിൽ കാടിറങ്ങുന്ന ചെന്നായ്ക്കൾ കോഴികളെയും ആടുകളെയും കൊന്ന് തിന്നതിന് ശേഷം കാട്ടിലേക്ക് മടങ്ങുകയാണ്. ഉപജീവനമാർഗമായി ആടും കോഴിയും വളർത്തുന്നവർ കടുത്ത ആശങ്കയിലാണ്. കൂട്ടമായി എത്തുന്ന ചെന്നായ്ക്കൾ തീറ്റ കിട്ടാതെ വന്നാൽ ആളുകളെ അക്രമിക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ചെമ്മരിയാട്ടിൻ കൂട്ടങ്ങളുമായി എത്തിയവരും ഭീതിയിലാണ്. പ്രദേശത്ത് കോഴികളെ കാണാതാവുന്നു എന്ന പരാതി കഴിഞ്ഞ കുറെ നാളുകളായി ഉയർന്നിരുന്നു. പിന്നീട് പലയിടത്തു നിന്നും കോഴികളുടെ അവശിഷ്ടങ്ങൾ കിട്ടി. പക്ഷെ ഇതെല്ലാം ചെന്നായ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആടുകൾക്ക് നേരെ ആക്രമണമുണ്ടായപ്പോഴാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിഷയം ഗൗരവമായെടുത്ത് പരിശോധന നടത്തിയത്. കാടിറങ്ങി വരുന്ന ചെന്നായ്ക്കളാണ് ആടുകളെയും കോഴികളെയും കൊല്ലുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി.
മലയടിവാരത്തിലെ ഷിനോയിയുടെ ഫാമിലെ 14 ആടുകളെയാണ് ചെന്നായ്ക്കൾ കടിച്ച് കൊന്നത്. കൂട് നിർമ്മാണം പൂർത്തിയാകാത്തതിനാൽ പുറത്ത് തുറന്ന സ്ഥലത്താണ് ആടിനെ കെട്ടിയിരുന്നത്.
കാട്ടിനകത്ത് ഭക്ഷണം കിട്ടാതെ വിശന്ന് പുറത്തേക്ക് വരുന്ന ചെന്നായ്ക്കൾ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ആനയും പന്നിയുമെല്ലാം കാടിറങ്ങാറുണ്ടെങ്കിലും ഇത്രയും കാലം ചെന്നായക്കൾ കാടിറങ്ങുന്ന പ്രശ്നം ഉണ്ടായിരുന്നില്ല. ചെറുകിട കർഷകരെല്ലാം തുറന്ന സ്ഥലത്താണ് ആടുകളെ കെട്ടിയിടാറുള്ളത്. കൂട് നിർമ്മിക്കാനും മറ്റും ചെലവ് വരും. കോഴികളെ പാർപ്പിച്ചിരിക്കുന്ന കൂടുകളും ചെന്നായ്ക്കൾ ആഞ്ഞിടിച്ചാൽ തുറക്കുന്നവയാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ചെമ്മരിയാടുകൾ പറമ്പുകളിലും കൃഷിയിടങ്ങളിലും ആണ് കിടക്കുന്നത്. 14 ആടുകളുടെ ജീവൻ നഷ്ടപ്പെട്ട ഫാം ഉടമ ഷിനോയിക്ക് വനം വകുപ്പ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |