ചിറ്റൂർ: മേഖലയിൽ കൊയ്ത്ത് വ്യാപകമായതോടെ വൈക്കോലിന് വൻവിലയിടിവ്. ആദ്യം കൊയ്ത്ത് കഴിഞ്ഞവർക്ക് മൂന്നടി നീളമുള്ള ഒരു കെട്ട് വൈക്കോലിന് 150-175 രൂപ വരെ ലഭിച്ചു. പിന്നിട് ഒറ്റയടിക്ക് വില 90-100 രൂപയായി കുറഞ്ഞു. ഇപ്പോഴാകത്തെ വില കെട്ടിന് 50-60 രൂപയായി കുറഞ്ഞു. നെൽ കർഷകർക്ക് അപ്രതീക്ഷിത നഷ്ടമാണ് ഇതുവഴിയുണ്ടായത്. ഇവിടെ നിന്നുള്ള വൈക്കോൽ തമിഴ് നാട്ടിലേക്കും തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കുമാണ് വ്യാപാരികൾ കൊണ്ടുപോകുന്നത്. ഒരു ഏക്കർ കൃഷിയുള്ള കർഷകന് 60-70 കെട്ട് വൈക്കോൽ ലഭിക്കും. 100 രൂപ കിട്ടിയാൽ കൊയ്യാനുള്ള യന്ത്രവാടകയ്ക്ക് ഉപകാരപ്പെടും. പാടത്ത് വൈക്കോൽ കിടന്നാൽ മഴ പെയ്താൽ യന്ത്രം ഇറങ്ങാൻ കഴിയാതെ വരും. മഴ നനഞ്ഞാൽ വൈക്കോലിന്റെ നിറവും മാറും. നിറം മാറിയ വൈക്കോലിന് വ്യാപാരികൾ തോന്നും പോലെ വില കുറയ്കയും ചെയ്യുമെന്ന് കർഷകർ പറയുന്നു. അതുകൊണ്ടു തന്നെ കൊയ്ത്ത് കഴിഞ്ഞാലുടൻ കിട്ടിയ വിലയ്ക്ക് വൈക്കാേൽ വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. വ്യാപാരികൾ 50 രൂപയ്ക്ക് വാങ്ങുന്ന വൈക്കോൽ കെട്ടാക്കി അതാതു പ്രദേശത്തെ പറമ്പിൽ തന്നെ ടാർപോളിൻ ഷീറ്റു വിരിച്ച് 500 കെട്ടു മുതൽ 1000 കെട്ടു വരെ അടുക്കി മഴ നനയാതെ സൂക്ഷിക്കും. കൊയ്ത്ത് സീസണ് 20-25 ദിവസംകഴിഞ്ഞാൽ ഇതേ വൈക്കോൽ 250-300 രൂപയ്ക്ക് വേണ്ട സ്ഥലത്ത് വ്യാപാരികൾ എത്തിച്ച് കൊടുക്കും. ചുരുക്കത്തിൽ കർഷകർക്ക് വലിയ നഷ്ടമാണ് ഇതുവഴി സംഭവിക്കുന്നത്. വില കുറവുള്ള സമയത്ത് അതാത് പ്രദേശത്തെ ക്ഷീര സംഘങ്ങളൊ മിൽമയോ വൈക്കോൽ വാങ്ങി സംഭരിച്ചാൽ കർഷകർക്ക് ന്യായവില ലഭിക്കാനും വ്യാപാരികളുടെ ചൂഷണം ഒഴിവാക്കാനും കഴിയുമെന്ന് നല്ലേപ്പിള്ളിയിലെ നെൽകർഷകനായ വി.രാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |