
പാലക്കാട്: കടുത്ത വേനലിനെ തണുപ്പിക്കാൻ വേനൽമഴയെത്തിയതോടെ ജില്ലയിൽ പകർച്ചവ്യാധികളും തലപൊക്കിത്തുടങ്ങി. 386 പേരാണ് രണ്ട് ദിവസത്തിനിടെ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കി ലക്ഷണങ്ങളോടെയും നിരവധിയാളുകൾ ചികിത്സയിലുണ്ട്. കൂടാതെ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഇതിനോടകം ആറുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വയറുസംബന്ധമായ പ്രശ്നങ്ങളുമായി 160 പേർ ചികിത്സതേടിയിട്ടുണ്ട്. മഴയെത്തിയെങ്കിലും ചൂടുരോഗങ്ങളും വിട്ടുപോയിട്ടില്ല. ചിക്കൻപോക്സ് ബാധിച്ച് 16 പേരാണ് ചികിത്സതേടിയത്. വായുസഞ്ചാരമുള്ള മുറികളിൽ വിശ്രമിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. പാലക്കാട് നഗരസഭാ പരിധിയിൽ മാലിന്യം പൊതുസ്ഥലത്ത് കെട്ടിക്കിടക്കുന്നതും രോഗസാദ്ധ്യത വർധിപ്പിക്കുന്നു.
ഡെങ്കിപ്പനി; വേണം ജാഗ്രത
കൊതുക് പെരുകാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുകയാണ് പ്രധാനമായും ഡെങ്കിപ്പനിയും മറ്റും പടരാതിരിക്കാൻ ചെയ്യേണ്ടത്. മഴ പെയ്തതിനെ തുടർന്ന് മലിനജലവുമായി ബന്ധപ്പെടുന്നവർക്കാണ് എലിപ്പനി ബാധയുണ്ടാകുന്നത്. പനി വന്നാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തി ചികിത്സ തേടണം. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. ഈഡിസ് കൊതുകൾ പരത്തുന്ന രോഗമായതിനാൽ കൊതുകുനശീകരണമാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം.
ഇവ ശ്രദ്ധിക്കണം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
വഴിയരികിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക
വീടിനും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുക് നശീകരണം ഉറപ്പാക്കണം
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണം
പറമ്പിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളും ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്‌കരിക്കുക.
ഫ്രിഡ്ജിനുപിന്നിലെ ട്രേ, ചെടിച്ചട്ടികളുടെ അടിയിലെ പാത്രം, മണിപ്ലാന്റ് വളർത്തുന്ന പാത്രങ്ങൾ, വാട്ടർ കൂളറുകൾ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.
വെള്ളം അടച്ചുസൂക്ഷിക്കുക. ജലസംഭരണി കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്‌ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |