റോഡരികിൽ കൂർക്കത്തല നഴ്സറികളും സജീവം
വടക്കഞ്ചേരി: കനത്ത വേനൽച്ചൂടിന് ആശ്വാസമായി ലഭിച്ച മഴയോടെ വടക്കഞ്ചേരി മേഖലയിലെ കൃഷിയിടങ്ങൾ വീണ്ടും സജീവമായി. പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ്, കല്ലേപ്പുള്ളി പ്രദേശങ്ങൾ ഇപ്പോൾ കൂർക്കത്തലകളുടെ പച്ചപ്പിലാണ്. റോഡിന്റെ ഇരുവശങ്ങളിലും നിരന്നുനിൽക്കുന്ന കൂർക്ക നഴ്സറികൾ നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു.
വടക്കഞ്ചേരിയിൽ നിന്ന് പുളിങ്കൂട്ടം, മഞ്ഞപ്ര വഴി തോണിക്കടവ് പുഴപ്പാലം വരെയുള്ള ഭാഗങ്ങളിൽ വ്യാപകമായി കൂർക്ക നഴ്സറികൾ ഒരുക്കിയിട്ടുണ്ട്. കൂർക്കത്തല റെഡി എന്ന ബോർഡുകളും ഫോൺ നമ്പറുകളുമുള്ള പരസ്യഫലകങ്ങൾ പാടങ്ങളിൽ ഉയർന്നുതുടങ്ങി. നിരവധി കർഷകർ കൂർക്കത്തലകൾ വളർത്തുന്നുണ്ട്. കൂർക്കവിത്ത് പാകി മുളപ്പിച്ചാണ് കൃഷിക്കാവശ്യമായ കൂർക്കത്തലകൾ തയ്യാറാക്കുന്നത്. ഒരു മുടിക്ക് (ചെറിയ കെട്ട് ) 12 രൂപവരെ വില ലഭിക്കുന്നതായി കർഷകർ പറയുന്നു. ഒരു മുടിയിൽ 20 മുതൽ 25 വരെ കൂർക്കത്തലകൾ ഉണ്ടാകും. ജില്ലാതിർത്തിയോട് ചേർന്ന ഈ പ്രദേശങ്ങൾ കൂർക്കകൃഷിക്ക് പേരുകേട്ടവയാണ്. മംഗലംഡാമിൽ നിന്ന് ഒഴുകിയെത്തുന്ന മംഗലംപുഴയും ഗായത്രിപുഴയും സംഗമിക്കുന്ന ഭാഗങ്ങളോടു ചേർന്നുള്ള വയലുകളിലാണ് പ്രധാനമായും കൃഷി നടക്കുന്നത്. ഇവിടങ്ങളിൽ ഇരുന്നൂറിലേറെ ഏക്കർ പാടശേഖരങ്ങളിൽ നെൽകൃഷിക്കൊപ്പം കൂർക്കകൃഷിയും വ്യാപകമാണ്. മണൽ കലർന്ന മണ്ണ് കൂർക്കകൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് കർഷകർ പറയുന്നു. താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ കൂർക്കകൃഷി നടക്കുന്ന മേഖലകളായി മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് പ്രദേശങ്ങൾ മാറിക്കഴിഞ്ഞു. ചൂലന്നൂർ, ചിതലി, എരിമയൂർ, പഴയന്നൂർ, കുമ്പളക്കോട്, തെക്കെപ്പൊറ്റ എന്നിവിടങ്ങളിലുമുണ്ട് വ്യാപകമായ കൂർക്കകൃഷി. ഒന്നാംവിള നെല്ലിന് പകരമായി കൂർക്കയാണ് പല സ്ഥലങ്ങളിലും പ്രധാന കൃഷിയായി മാറിയിരിക്കുന്നത്. പലപ്പോഴും കനാൽവെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് കർഷകർ പാട്ടത്തിന് ഭൂമി എടുത്ത് കൃഷി തുടരുന്നത്. കൂർക്ക വിളവെടുപ്പ് ആദ്യം തുടങ്ങുന്ന പ്രദേശമായതിനാൽ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |