SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.17 AM IST

ഇഴഞ്ഞിഴഞ്ഞ് നടക്കാവ് മേൽപ്പാലം നിർമ്മാണം

bridge
പണി പൂർത്തിയാകാത്ത അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലത്തിൽ വൃദ്ധൻ കുടുങ്ങിയപ്പോൾ.

പാലക്കാട്: പണിതിട്ടും പണിതിട്ടും പണിതീരാത്ത പാലക്കാട് അകത്തേത്തറ നടക്കാവ് മേൽപ്പാലത്തിൽ വൃദ്ധൻ കുടുങ്ങിയതിനു പിന്നാലെ മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. നിർമ്മാണത്തിലുള്ള റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾക്കിടയിൽ കല്ലേക്കുളങ്ങര സ്വദേശി രാമചന്ദ്രൻ ആണ് ഒരു രാത്രി മുഴുവൻ കുടുങ്ങിക്കിടന്നത്. ആളെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാലം പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം. പാലം നിർമ്മാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസും റെയിൽവേയും ചേർന്ന് ഇരുവശങ്ങളിലും സെക്യൂരിറ്റിയെ നിറുത്തിയിട്ടുണ്ടെങ്കിലും അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. രണ്ടു ദിവസം മുമ്പ് മലമ്പുഴ ഭാഗത്ത് നിന്ന് ഒരു കാർ മുകളിലോട്ട് കയറിയതായും മതിയായ സുരക്ഷ സംവിധാനങ്ങൾ ഇവിടെ ഇല്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

 നിർമ്മാണം ഏഴാം വർഷം

2017ൽ ശിലാസ്ഥാപനം നടത്തി 2021ൽ തുടങ്ങിയതാണ് മേൽപ്പാലത്തിന്റെ പണി. 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. പാലം നിർമ്മാണം ആരംഭിച്ച അന്ന് നിറുത്തിയതാണ് ഇതുവഴിയുള്ള ബസ് സർവീസുകൾ. നിലവിൽ ബസുകൾ മറ്റു വഴികളിലൂടെയാണു പോകുന്നത്. നടക്കാവ് റെയിൽവേ ട്രാക്കിന് അപ്പുറവും ഇപ്പുറവും വരെ മാത്രമേ വാഹനങ്ങൾക്ക് വരാനാകൂ. പാലം പണി അവസാനഘട്ടത്തിലാണെങ്കിലും തൊഴിലാളികളുടെ കുറവ് നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തൊഴിലാളികളുടെ എണ്ണം വെറും മൂന്നായി കുറഞ്ഞിരുന്നു. തുടർന്ന് മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കഴി‍ഞ്ഞ മാസം 29നു മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകിയിരുന്നു. നിലവിൽ മുപ്പതോളം തൊഴിലാളികൾ നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ശേഷിച്ച ജോലികൾ കൂടി പൂർത്തായായൽ ഉടൻ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

ഇപ്പോൾ ഏകദേശം 30 പേർ നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. റെയിൽവേയുടെ ഭാഗം കൈവരി മാത്രമേ വാർക്കാനുള്ളു. റോഡ്സ് ആൻഡ് ബ്രിഡ്ജസിന്റെ അകത്തേത്തറ ഭാഗത്തെ ഗർഡർ വാർക്കലും കൈവരികളുടെ പണിയും പൂർത്തിയാക്കാനുണ്ട്.

-കെ.ശിവരാജേഷ്,​ നടക്കാവ് മേൽപ്പാലം ആക്ഷൻ കൗൺസിൽ കൺവീനർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL