SignIn
Kerala Kaumudi Online
Friday, 05 June 2026 5.45 AM IST

മഴ പോരാ, കനാൽവെള്ളവുമില്ല; താളംതെറ്റി ഒന്നാംവിള കൃഷി

paddy
നെൽക്കൃഷി

ചിറ്റൂർ: കാലവർഷം കേരളതീരം തൊടുകയും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോഴും പാലക്കാട്ടെ കർഷകർ മഴയ്ക്കായി കാത്തിരിക്കുകയാണ്. കിഴക്കൻ മേഖലയിൽ ആകാശത്ത് ഉരുണ്ട് കൂടുന്ന കാർമേഘങ്ങൾ പെയ്യാൻ മടിച്ചു നിൽക്കുകയാണ്. കനാൽവെള്ളവുമില്ല. ഇതേ തുടർന്ന് ഞാറ്റടി തയ്യാറാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് നെൽ കർഷകർ. സാധാരണ മേയ് പകുതിയോടെ ചിറ്റൂർപ്പുഴ ജലവിതരണ പദ്ധതിയിൽ നിന്ന് ഞാറ്റടിക്ക് വെള്ളം കിട്ടാറുണ്ട്. ഇത്തവണ അത് ലഭിച്ചില്ല. മൂലത്തറ പദ്ധതിയിൽ നിന്ന് ചിറ്റൂർ, തത്തമംഗലം, പെരുവെമ്പ്, പെരുമാട്ടി, പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂർ, വടവന്നൂർ, ഓലശ്ശേരി, തുടങ്ങിയ പ്രദേശങ്ങളിലേക്കും കുന്നംകാട്ടുപതി, തേമ്പാറമട സിസ്റ്റങ്ങളിൽ നിന്ന് നല്ലേപ്പിള്ളി, പൊൽപ്പുള്ളി, നെയ്തല, ചന്ദനപുരം, കൊടുമ്പ്, മാഞ്ചിറ എന്നിവിടങ്ങളിലേക്കുമാണ് വെള്ളം നൽകാറുള്ളത്. പദ്ധതി അധികൃതർ പതിവ് തെറ്റിച്ചതിനാൽ ഒന്നാംവിള അവതാളത്തിലാകുമെന്ന് കർഷകർ പറയുന്നു. എപ്പോൾ വെള്ളംവിടുമെന്ന് പദ്ധതി അധികൃതർ പറയുന്നില്ല. സാധാരണ മേയ് 15ന് വെള്ളം കിട്ടുമ്പോൾ ഞാറിന് വിത്തുപാകും. കാലവർഷം തുടങ്ങുംമുൻപേ ഞാറാകും. മഴയ്ക്കുമുൻപേ പറിച്ചുനടലും നടത്തുന്നതാണ് രീതി. ഇനി വെള്ളം കിട്ടി ഞാറ്റടി തയ്യാറാക്കുമ്പോൾ കാലവർഷം കനക്കും. വയലുകൾ വെള്ളത്തിൽ മുങ്ങും. നടീലും നടക്കില്ല. ജലവിതരണത്തിന്റെ അഭാവംമൂലം ചിറ്റൂർ മേഖലയിലും എലപ്പുള്ളിയിലെ ഏതാനും ഭാഗങ്ങളിലും ആയിരക്കണക്കിന് ഏക്കറിലാണ് ഒന്നാംവിള തക്കസമയത്ത് ഇറക്കാൻ പറ്റാതായിരിക്കുന്നത്. ഈ മേഖലയിൽ പൊടിവിത നടത്തിയവരും കഷ്ടത്തിലായി. ആദ്യമഴയിൽ വിതച്ചു. പിന്നീട് മഴ ലഭിച്ചില്ല. കനത്ത വെയിലിൽ പകുതി മുളച്ചില്ല. മുളച്ചവ കരിഞ്ഞ നിലയിലായി. മഴപെയ്യാൻ തുടങ്ങിയാൽ രണ്ടാമത് വിത നടക്കില്ല. പച്ചിലവളത്തിനായി വിതച്ച ഡെയിഞ്ച വിത്തിൽ ഏറെയും മുളച്ചിട്ടില്ല. മുളച്ചവ വാടിക്കരിഞ്ഞു. ഒന്നാംവിള ഇറക്കാൻ പറ്റാതെ വന്നാൽ മേഖലയിൽ രണ്ടാംവിളയെ ബാധിക്കും. ഒന്നാംവിള ഇറക്കുന്നതിനുമുൻപ് കനാലുകൾ വൃത്തിയാക്കാറുണ്ട്. ഇക്കുറി അതും നടന്നില്ല. മണ്ണുനിറഞ്ഞും കാട്ടുചെടികൾ വളർന്നും ജലതടസമുണ്ടാകും വിധമാണ് കനാലുകളുടെ കിടപ്പ്. കൃഷിയിറക്കേണ്ട സമയത്ത് പലപ്പോഴും വെള്ളം കിട്ടാറില്ലെന്ന് പാടശേഖര സമിതി അംഗങ്ങൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL