SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.12 AM IST

ചുള്ളിയാർ ഡാമിന് 3.9 കോടിയുടെ പദ്ധതി

chulliyar
മഴയുടെ തോത് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് താഴ്ന്ന ചുള്ളിയാർ ഡാം.

 അംഗീകാരം നൽകി ലോകബാങ്കും സെട്രൽ വാട്ടർ കമ്മീഷനും

 ഡാം സുരക്ഷയ്ക്കും ജലസംഭരണത്തിനും മുൻതൂക്കം

മുതലമട: ഗ്രാമപഞ്ചായത്തിലെ പ്രധാന അണക്കെട്ടായ ചുള്ളിയാർ ഡാമിൽ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 3.916 കോടി രൂപയുടെ സംയുക്ത ധനസാഹായ അംഗീകാരം നൽകി ലോകബാങ്കും സെൻട്രൽ വാട്ടർ കമ്മീഷനും. ഡാമിന്റെ സുരക്ഷ, ജലസംഭരണം വർദ്ധിപ്പിക്കൽ, അറ്റകുറ്റപ്പണികൾ, റോഡ് നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.

ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്‌ടിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇലക്ട്രിക്കൽ മെക്കാനിക്കൽ പണികൾക്ക് മാത്രമായി 2.27 കോടി രൂപ ഭാഗിച്ചിട്ടുണ്ട്.

1970ൽ പണിത ചുള്ളിയാർ അണക്കെട്ടിന് 56 വർഷം പഴക്കമുണ്ട്. നിലവിൽ ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കാനായി ഡാമിനകത്ത് നിന്ന് ചെളിയും മണലും ധാതുക്കളും നീക്കം ചെയ്യൽ പുരോഗമിക്കുകയാണ്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ, പെരുമാട്ടി, പട്ടഞ്ചേരി തുടങ്ങി നിരവധി പഞ്ചായത്തുകൾക്ക് ചുള്ളിയാർ ഡാമിന്റെ ജലം കൃഷിയാവശ്യത്തിന് ഉപയോഗപ്രദമാവുന്നുണ്ട്. അഞ്ചു ഡാം നിലകൊള്ളുന്ന മുതലമട പഞ്ചായത്തിൽ കൃഷിക്ക് കർഷകർ ഏറ്റവുമധികം ആശ്രയിക്കുന്നത് ചുള്ളിയാർ ഡാമിനെയാണ്. 154.363 മീറ്റർ ആണ് ചുള്ളിയാർ ഡാമിന്റെ പരമാവധി സംഭരണശേഷി. മഴ കുറവായതിനാൽ നിലവിൽ 144.17 മീറ്റർ മാത്രമാണ് ജലത്തിന്റെ തോത്. കഴിഞ്ഞവർഷം ഇതേസമയത്ത് 151.4 മീറ്റർ ജലം ഡാമിൽ സംഭരിച്ചിട്ടുണ്ടായിരുന്നു

നവീകരണ പദ്ധതിയിൽ പ്രധാനമായും ഡാമിലെ റോഡുകളുടെ പുനർനിർമ്മാണം, ഘടനാപരമായ വ്യതിയാനങ്ങളുടെ സ്ഥിരപ്പെടുത്തൽ, ഡാം സുരക്ഷ വർദ്ധിപ്പിക്കൽ, സുരക്ഷാ ഉപകരണങ്ങൾ വാങ്ങൽ, ഇന്റർനെറ്റ് സൗകര്യം, വാച്ച് ടവർ നിർമ്മാണം, നിരീക്ഷണ കെട്ടിടങ്ങളുടെ നിർമ്മാണം, ഡാമിന്റെ ചോർച്ച പരിഹരിക്കൽ, പാരപ്പറ്റുകളുടെ സ്ഥിരത ഉറപ്പാക്കൽ, ജലത്തിന്റെ വിതരണത്തിനായി മോട്ടറുകളും അനുബന്ധവസാമഗ്രികളും സ്ഥാപിക്കൽ, വിവിധ കനാലുകളുടെ അറ്റകുറ്റപ്പണികൾ, കോൺക്രീറ്റ് വർക്കുകൾ, ഗാർഡനിംഗ്, വിശ്രമമുറികൾ, മെക്കാനിക്കൽ ഇലക്ട്രിക്കൽ വർക്കുകൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ആവിഷ്‌കരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും ഒരുപോലെ ഗുണപ്രദമാകുന്ന പദ്ധതികളാണ് ഡാമിൽ നടപ്പിലാക്കാൻ പോകുന്നതെന്ന് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL