വാളയാർ: വാളയാർ ഡാം ആഴം കൂട്ടലും മണലെടുപ്പും പ്രദേശവാസികൾക്ക് ദുരിതമായി മാറുന്നു. ഡാമിന്റെ അടിത്തട്ടു മുതൽ അരിക് വശം എല്ലായിടത്തും ജെ.സി.ബി ഉപയോഗിച്ച് കുഴി എടുത്തിരിക്കുകയാണ്. ഈ ഭാഗങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാതെയാണ് അടുത്ത സ്ഥലത്ത് മണ്ണും ചെളിയും എടുക്കുത്തത്. ഇതോടെ ഡാം മുഴുവൻ കുഴിയായി.
സമനിരപ്പിലായിരുന്ന ഡാമിന്റെ പ്രതലം കുറെ സ്ഥലത്ത് കുഴികളും കുറെ സ്ഥലത്ത് ചിതറികിടക്കുന്ന പാറക്കൂട്ടങ്ങളും എന്ന നിലയിലായിരിക്കുകയാണ്. ഡാമിന്റെ അടിത്തട്ടിലെ മണ്ണ് പെട്ടെന്ന് എടുത്ത് വിൽപ്പന നടത്തുക എന്ന ഉദേശ്യത്തോടെ മാത്രം മണ്ണും മണലും നീക്കം ചെയ്തതിന്റെ ഫലമാണിത്. ഡാമിന്റെ സുരക്ഷിതത്വത്തിനും ഘടനക്കും മാറ്റം വരാത്ത രീതിയിലായിരിക്കണം ചെളിയും മണ്ണും നീക്കം ചെയ്യേണ്ടതെന്ന പ്രാഥമിക നിയമം പോലും പാലിക്കപ്പെട്ടില്ല.
ജനങ്ങൾ ദുരിതത്തിൽ
ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത കുഴികൾ നികത്തുക പോലും ചെയ്തിട്ടില്ല. ഇതോടെ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചിരുന്ന പരിസരത്തെ ഊരുകളിലുള്ളവർ തൊഴിൽ രഹിതരായിരിക്കുകയാണ്. വലയിടുന്നത് പോയിട്ട് ചൂണ്ടയിടാൻ പോലും പറ്റാത്ത നിലയിലാണ് ഇവിടം കിടക്കുന്നത്. കുടിവെള്ളം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഡാമിലെ വെള്ളമാണ് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. കുഴികളും വലിയ ഗർത്തങ്ങളും രൂപപ്പെട്ടതിനാൽ ഇപ്പോൾ ഡാമിൽ നിന്ന് വെള്ളം എടുക്കാൻ പറ്റാതായി. കുഴികൾ മൂലം ആദിവാസി ഊരുകളിലേക്ക്, ഡാമിന്റെ അരികിലൂടെയുള്ള പരമ്പരാഗത നടവഴികളും തടസ്സപ്പെട്ടു. ക്ഷീര കർഷകരും വലിയ വിഷമമാണ് നേരിടുന്നത്. ഇപ്പോൾ ഡാം പരിസരത്ത് കന്നുകാലികളെ മേയ്ക്കാൻ വിടാൻ പറ്റാത്ത സ്ഥിതിയാണ്. സഞ്ചാരികൾക്ക് പ്രവേശനം നൽകാതെ ഡാം അടച്ചിട്ടിരിക്കുകയാണ്. കുഴികൾ നികത്താതെ ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ കഴിയില്ല. ടൂറിസം വികസനത്തിന് പോലും ഡാമിലെ കുഴികൾ വിഘാതമാകുന്ന സ്ഥിതിയാണ്. മണ്ണും മണലും ചെളിയും എടുക്കാൻ കാണിക്കുന്ന ആവേശം കുഴികൾ നികത്താൻ കൂടി കാണിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഡാം റോഡിന്റെ അരുകിൽ മണൽ കൂട്ടിയിടുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |