SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

പരീക്ഷണം പരാജയം; തെങ്ങിൻ തോപ്പുകളോട് വിട പറഞ്ഞ് നീര ഉത്പാദനം

neera
.

വാളയാർ: കേരകർഷകരെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാൻ ആരംഭിച്ച നീര ഉത്പാദന പദ്ധതി ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ പരാജയപ്പെട്ട പദ്ധതികളുടെ പട്ടികയിലാണ്. അതിർത്തി പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകളിൽ നിന്ന് നീര പൂർണ്ണമായി പടി ഇറങ്ങിയിരിക്കുകയാണ്. മധുരമുള്ളതും ലഹരി ഇല്ലാത്തതുമായ പ്രകൃതിദത്ത പാനീയമാണ് നീര. 2014 ഫെബ്രുവരിയിലാണ് അബ്കാരി നയത്തിൽ ഭേദഗതി വരുത്തി നീര ഉത്പാദനത്തിനും വിപണനത്തിനും അനുമതി നൽകിയത്. തുടർന്ന് നീര ചെത്തിയെടുക്കാൻ നാളികേര വികസന ബോർഡിന്റെ കീഴിലുള്ള കർഷക ഉത്പാദന കമ്പനികൾക്കും അംഗീകൃത ഏജൻസികൾക്കും സർക്കാർ അനുമതി നൽകി. കർഷകന് ഒരു തെങ്ങിൽ നിന്ന് പ്രതിമാസം 3000 രൂപ ആദായം കിട്ടുന്ന പദ്ധതി എന്ന നിലയിൽ കേരകർഷകർ ഏറെ പ്രതീക്ഷയോടെയാണ് നീരയെ സ്വാഗതം ചെയ്തത്. വിടരാത്ത തെങ്ങിൻ പൂക്കുലകൾ പരുവപ്പെടുത്തി ഇവയുടെ അഗ്രഭാഗം ചെത്തിയാണ് നീര എടുക്കുന്നത്. പൂക്കുലയിൽ ആന്റി ഫെർമന്റേഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് ലഹരി ഇല്ലാതാക്കുന്നത്. ഇങ്ങിനെ ശേഖരിക്കുന്ന നീരയിൽ പ്രകൃതിദത്ത പ്രിസർവേറ്റീവുകൾ കൂടി ചേർത്ത് ബോട്ടിലിലാക്കി വിപണിയിലെത്തിക്കുകയാണ്. ഒരുപാട് നാൾ കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. വിറ്റാമിനുകൾ, മിനറലുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ ആരോഗ്യഗുണമുള്ള പാനീയമാണിത്. പ്രകൃതിദത്ത എനർജി ഡ്രിംഗ് എന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ കഴിയുന്ന ഉൽപ്പന്നമാണിത്. ഇത്രയും സാധ്യതകൾ ഉണ്ടായിട്ടും നീര പദ്ധതി പരാജയപ്പെട്ടു. സംസ്ഥാനത്ത് തുടക്കത്തിൽ പ്രതിദിനം 40000 ലിറ്ററിലധികം നീര ഉത്പാദിപ്പിച്ചത് ഇപ്പോൾ 500 ലിറ്ററിൽ താഴെയാണ്. ഈ മേഖലയിൽ സജീവമായി പ്രവർത്തിച്ച 29 കമ്പനികളിൽ ഭൂരിഭാഗവും പൂട്ടിപ്പോയി. അവശേഷിക്കുന്നവ കടുത്ത പ്രതിസന്ധിയിലുമാണ്.
നാളികേര വികസന ബോർഡും കൃഷി വകുപ്പും വേണ്ടത്ര പിന്തുണ നൽകാത്തതാണ് പരാജയത്തിന് പ്രധാന കാരണം. ആവശ്യമായ കോൾഡ് സ്റ്റേറേജ് സൗകര്യം ഇല്ലാത്തതിനാൽ നീര പുളിച്ച് പോകുന്ന സ്ഥിതിയുണ്ടായി. നീര കേടുകൂടാതെ സൂക്ഷിക്കാൻ ട്രെട്രാ പാക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. നീര ചെത്താൻ തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ടായി. പേറ്റന്റ് എടുക്കാനോ വിദേശ വിപണിയിൽ മാർക്കറ്റ് കണ്ടെത്താനോ ശ്രമമുണ്ടായില്ല. ലിറ്ററിന് 300 രൂപയിൽ കൂടുതൽ വിലയ്ക്കാണ് നീര വിൽക്കുന്നത്. വിപണിയിലെ മറ്റ് ശീതള പാനീയങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ്. ഇതെല്ലാം പദ്ധതി പരാജയപ്പെടാൻ കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL