
വള്ളിക്കോട് : മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കാത്തത് വള്ളിക്കോട് ചെമ്പതപ്പാലം റോഡിനെ കാടുവിഴുങ്ങാൻ കാരണമായി. പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കാടുവളർന്ന് നിൽക്കുന്നതിനൊപ്പം കാട്ടുപന്നി , ഇഴജന്തു ശ്യലവും വർദ്ധിച്ചിട്ടുണ്ട്. സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി ആളുകൾക്ക് പരിക്കേറ്റത് ഉൾപ്പടെ നിരവധി അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശമാണിത്. മുൻവർഷങ്ങളിൽ ഇവിടെ കാട് തെളിയ്ക്കലും ശുചീകരണവും കാര്യക്ഷമമായിരുന്നെങ്കിലും ഇത്തവണ ഒരുക്കങ്ങൾ ഒന്നുമായിട്ടില്ല. വലിയ തോടിന് കുറുകെയാണ് ചെമ്പതപ്പാലം. പാടത്തിന്റെ നിരപ്പിൽ നിന്ന് പത്തടിയോളം ഉയരത്തിൽ സംരക്ഷണഭിത്തിയുമുണ്ട്.
കാട് വളർന്നതോടെ റോഡിന്റെ വശങ്ങൾ കാണാൻ കഴിയില്ല. ഇതുമൂലം രാത്രിയിൽ അപകടങ്ങൾ പതിവായിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറിയാൽ പാടത്തേക്കാണ് മറിയുന്നത്. ഒരുകിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ വശങ്ങൾ കാടുമൂടിയതോടെ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും ശല്യം രൂക്ഷമാണ്. കുറ്റിക്കാട്ടിൽ താവളം ഉറപ്പിക്കുന്ന നായ്കളും പന്നികളും അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നത് അപകടത്തിന് കാരണമാകുന്നു.
ഷോക്കടിപ്പിക്കും ട്രാൻസ്ഫോർമർ
ചെമ്പതപ്പാലത്തിന് സമീപമുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറിന് ചുറ്റും കാടുവളർന്ന് നിൽക്കുന്നത് വലിയ അപകട ഭീഷണിയാണ്. സംരക്ഷണ വേലിപോലും ഇല്ലാത്ത ട്രാൻസ്‌ഫോർമറിന് ചുറ്റും ഒരാൾ പൊക്കത്തിൽ കാടു വളർന്നിരിക്കുന്നു. വള്ളിച്ചെടികൾ പോസ്റ്റുകളിലേക്ക് പടരുന്ന നിലയിലുമാണ്. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യങ്ങളിൽ ട്രാൻസ്‌ഫോർമറിൽ തട്ടി കാടിന് തീപിടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി തവണ കെ.എസ്.ഇ.ബി അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഒരുകിലോമീറ്റർ ദൂരത്തിൽ
കാട് വളർന്നിരിക്കുന്നു
നടപടി വേണമെന്ന് നാട്ടുകാർ
ചെമ്പതപ്പാലം ട്രാൻസ്ഫോർമർ അപകടരഹിതമാക്കുന്നതിനും റോഡിലെ കാട് തെളിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. അപ്രോച്ച് റോഡിനായി മണ്ണിട്ട് നികത്തിയ ഭാഗത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. ഇത് പാടത്തേക്ക് ചരിഞ്ഞ നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |