കോന്നി : മലയോര മേഖലയിൽ അധിനിവേശ സസ്യങ്ങളുടെ വ്യാപനം ജൈവ വൈവിദ്ധ്യ നഷ്ടമുണ്ടാക്കുന്നതായി സ്പാരോനേച്ചർ കൺസർവേഷൻ ഫോറത്തിന്റെ കണ്ടെത്തൽ. 61 ഇനം അധിനിവേശ സസ്യങ്ങളും പ്രാദേശികമായി അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്ന 7 ഇനങ്ങളും സർവേയിൽ കണ്ടെത്തി.
വീടുകളിൽ അലങ്കാര സസ്യങ്ങളായി വളർത്തുന്ന അധിനിവേശ സസ്യങ്ങളായ തേൻപൂവള്ളി, കേശവർദ്ധിനി, മാണിക്യച്ചെമ്പഴുക്ക, ചെമ്പഴുക്ക, ഹെലിക്കോണിയ, വേലിപ്പരത്തി തുടങ്ങിയവ പുറത്തേക്ക് വ്യാപിക്കാനുള്ള സാദ്ധ്യത ഏറെയാണ്. മെക്സിക്കൻ സൂര്യകാന്തിയും - അഗ്ലോനിമയും പോലുള്ള അലങ്കാര സസ്യങ്ങൾ വീടുകളിൽ നിന്ന് ഉപേക്ഷിച്ചശേഷം പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. മുള്ളൻപായൽ, കുളവാഴ, ആഫ്രിക്കൻ പായൽ, മുട്ടപ്പായൽ, മഞ്ഞപ്പായൽ തുടങ്ങിയ ജലസസ്യങ്ങൾ തോടുകളിലും കുളങ്ങളിലും വളർന്നതായും കണ്ടെത്തി. പേപ്പർ നിർമാണത്തിനുപയോഗിക്കുന്ന പേപ്പർ മൾബറി എന്ന വിദേശ വൃക്ഷത്തിന്റെ വ്യാപനം അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമാണ്. തോടുകളിൽ വളരുന്ന സസ്യങ്ങൾ വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നു. ഇത് ജലജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സ്പാരോനേച്ചർ കൺസർവേഷൻ ഫോറം സെക്രട്ടറി ചിറ്റാർ ആനന്ദന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഡോ.സണ്ണി മൈക്കിൾ, അംഗങ്ങളായ പ്രേംചന്ദ് ഇളകൊള്ളൂർ, ആർ.ചിഞ്ചു, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ആർ.കാവ്യ, ഗ്രീൻ ലിങ്ക് ഇക്കോ അംഗങ്ങളായ അരുൺ സി രാജൻ, നിരുപമരാജ്, രഹനവാസ്, ആർ.അരുന്ധതി എന്നിവർ സർവേയിൽ പങ്കെടുത്തു.
വ്യാപകമാകുന്ന അധിനിവേശ സസ്യങ്ങൾ
കാട്ടുപൊന്നാംകണ്ണി, ചുവന്ന കാട്ടുചീര, മാങ്ങാനാറി, കളർചേമ്പ്, നായതുളസി, പൊട്ടൻകലംപൊട്ടി, മഞ്ഞവയറ, ധൃതരാഷ്ട്ര പച്ച, പോതുഹുല്ല്, ഞൊട്ടാഞൊടിയൻ, തോട്ടപ്പയർ, മുടിയൻപച്ച, കുമ്മിണിപ്പച്ച.
പ്രകൃതിക്ക് നാശം
അധിനിവേശ സസ്യങ്ങൾ വനങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ, നദീതീരങ്ങൾ എന്നിവയുടെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുകയും പക്ഷികൾ, പ്രാണികൾ, മറ്റു വന്യജീവികൾ എന്നിവയുടെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യും. ഇത്തരം സസ്യങ്ങളുടെ വ്യാപനം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് സമിതികൾ, വനംവകുപ്പ്, കൃഷി വകുപ്പ്, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടൽ അനിവാര്യമാണ്.
61 ഇനം അധിനിവേശ സസ്യങ്ങളെ കണ്ടെത്തി
അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ജനങ്ങളുടെയും കൂട്ടായ ഇടപെടിൽ ആവശ്യമാണ്.
ചിറ്റാർ ആനന്ദൻ
( റിട്ട.ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ,
പരിസ്ഥിതി പ്രവർത്തകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |