
കോന്നി : മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ ഭാഗങ്ങളിലെ ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. ഇന്നലെ രാവിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈതച്ചക്ക തോട്ടത്തിൽ തൊഴിലാളികൾ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് കാട്ടാനകൾ എത്തിയത്. വനമേഖലയിൽ നിന്ന് കല്ലാർ കടന്ന് വീടുകളുടെ മുറ്റത്ത് കൂടിയാണ് കാട്ടാനകൾ എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്നതും തിരികെ വനത്തിലേക്ക് പോകുന്നതും. കല്ലാറിന്റെ ഒരുവശം വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയും ഹാരിസൺ പ്ലാന്റേഷന്റെ എസ്റ്റേറ്റുമാണ്. ആനശല്യം രൂക്ഷമായതിനെ തുടർന്ന് ഹാരിസൺ കമ്പനി ഹാങ്ങിംഗ് സോളാർ വേലികൾ സ്ഥാപിച്ചെങ്കിലും അതും ഫലപ്രദമായില്ല.
സമീപത്തെ പുതുക്കുളം മേഖലയിലടക്കം അടുത്തിടെ കാട്ടാനകൾ ഇറങ്ങിയത് ജനത്തെ ഭീതിയിലാക്കിയിരുന്നു. ആനശല്യം വർദ്ധിച്ചതോടെ വനംവകുപ്പ് മുക്കുഴിയിൽ ക്യാമ്പ് ഓഫീസ് തുടങ്ങി. പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളും കൈതച്ചക്ക തോട്ടങ്ങളിൽ പണിയെടുക്കുന്നവരും ഭയപ്പാടിലാണ്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം നിരീക്ഷണം നടത്തി വരുന്നുണ്ട്.
മുക്കുഴിയിൽ വനംവകുപ്പ് ക്യാമ്പ് തുടങ്ങി, സോളാർ വേലികൾ ഫലപ്രദമാകുന്നില്ല, ആനകൾ എത്തുന്നത് കല്ലാർ കടന്ന്.
വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ
1. രാത്രിയിലും പുലർച്ചയും ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക.
2. ആനകൾ ഇറങ്ങാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ അനാവശ്യമായി പോകരുത്. 3. അടിയന്തര സാഹചര്യങ്ങളിൽ റാന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫീസ്, വടശ്ശേരിക്കര റേഞ്ച് ഓഫീസ്, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ബന്ധപ്പെടുക.
റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് - ഫോൺ : 04735 - 227558
വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസ് - ഫോൺ : 04735 - 252021
എസ്റ്റേറ്റിൽ കാട്ടാനകൾ എത്തുന്നത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവന് ഭീഷണി ആവുകയാണ്.
പി.എ.ബാബു
(സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |