SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

വെള്ളമിറങ്ങി ; മാലിന്യക്കയമായി റാന്നി

റാന്നി: വെള്ളം ഇറങ്ങിയതോടെ ജനങ്ങളുടെ ഭീതി ഒഴിഞ്ഞെങ്കിലും റാന്നി മാലിന്യക്കയമായിമാറി. കച്ചവടസ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും മുന്നിൽ കുന്നുകൂടിയ ടൺ കണക്കിന് പ്ലാസ്റ്റിക്കും ചപ്പുചവറുകളും നീക്കം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് വ്യാപാരികളും സന്നദ്ധ പ്രവർത്തകരും.

ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ്, മാമുക്ക്, റാന്നി പേട്ട തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുള്ളത്. രാവിലെ മുതൽ ശുചീകരണ ജോലികൾ ആരംഭിച്ചെങ്കിലും രാത്രി വൈകിയും പൂർണമായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.

കൈകോർത്ത് നാട്

ദുരിതാശ്വാസ - ശുചീകരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സംഘടനകളും യുവാക്കളും കൈകോർക്കുന്ന കാഴ്ചയ്ക്കാണ് റാന്നി സാക്ഷ്യം വഹിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി, ഹരിതകർമ്മ സേന, വിവിധ വാട്സ് ആപ്പ് കൂട്ടായ്മകൾ, ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങിയ സംഘടനകൾ ശുചീകരണത്തിന് സജീവമായി മുന്നിട്ടിറങ്ങി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചും മറ്റു അവശ്യ സാധനങ്ങൾ എത്തിച്ചുകൊടുത്തും മാതൃകയായി.

മാതൃകയായി ജനപ്രതിനിധികൾ

പ്രദേശവാസികൾക്കെെപ്പം ജനപ്രതിനിധികൾ നേരിട്ട് ശുചീകരണത്തിൽ പങ്കാളികളായി. കൈലിയും ബനിയനുമണിഞ്ഞ്, ബസ് സ്റ്റാൻഡിലും കടകളുടെ മുന്നിലും അടിച്ചുവാരിയും മാലിന്യങ്ങൾ നീക്കിയും അഡ്വ.പഴകുളം മധു എം.എൽ.എ. ശുചീകരണത്തിൽ പങ്കുചേർന്നു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന ക്ലീനിംഗ് ജോലികൾക്ക് മുൻ എം.എൽ.എ. രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, പഞ്ചായത്തംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. നാറാണംമൂഴിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, മെമ്പർമാർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL