SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.53 AM IST

തിരുവല്ലയിൽ 5917 പേർ ക്യാമ്പിൽ 

tvla
പ്രളയബാധിതർക്കായി ഓൾഡ് ബോയ്സ് അസോസിയേഷൻ, സൈനികസ്കൂൾ കഴക്കൂട്ടം, ഓർത്തോപീഡിക്സ് സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാവുംഭാഗം ദുരിതാശ്വാസ ക്യാംപിൽ സഹായങ്ങൾ എത്തിച്ചപ്പോൾ

ക്യാമ്പുകളിൽ ഭക്ഷണം തികയുന്നില്ലെന്ന് പരാതി

തിരുവല്ല: റെഡ് അലെർട്ടിന്റെ ആശങ്കകൾക്കിടെ വെള്ളപ്പൊക്കത്തിൽ തിരുവല്ലയിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 90 ആയി ഉയർന്നു. താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് നേരിയതോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്ക ദുരിതങ്ങൾ താലൂക്കിലെ 12 വില്ലേജുകളിൽ ബാധിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം 90 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,450 കുടുംബങ്ങളിലെ 5917 ആളുകളെ മാറ്റി പാർപ്പിച്ചു. ആറ് ഗർഭിണികൾ ഉൾപ്പെടെ ക്യാമ്പുകളിൽ തുടരുകയാണ്.
കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പുകൾ വന്നതോടെ വെള്ളം കയറിയ വീടുകളിൽ തുടർന്ന ഒട്ടേറെ കുടുംബങ്ങൾ ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റി. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരുന്നതിനിടെ ജനങ്ങളെല്ലാം കടുത്ത ഭീതിയിലാണ്. ആളുകൾ കൂടിയതോടെ പല ക്യാമ്പുകളിലും ദുരിതം കൂടി. എല്ലാവർക്കും ഭക്ഷണവും മറ്റും കിട്ടുന്നില്ലെന്ന പരാതി ശക്തമാണ്. കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിലെ ക്യാമ്പിൽ ആളുകൾ കൂടിയതോടെ കുന്നുംപുറം സ്‌കൂളിലും എം.ജി.എം സ്‌കൂളിലും പുതിയ ക്യാമ്പുകൾ തുടങ്ങി. കിടപ്പ് രോഗികളെയും മറ്റും കൊണ്ടുപോകാൻ വാഹനങ്ങൾ ഇല്ലെന്നും പരാതിയുണ്ട്.
ബസ് സർവീസുകൾ നിലച്ചതോടെ പടിഞ്ഞാറൻ മേഖലകളിലേക്ക് യാത്രാക്ലേശം തുടരുകയാണ്. തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ ആളുകളുമായി ട്രാക്ടറാണ് സർവീസ് നടത്തുന്നത്. നെടുമ്പ്രം ഭാഗത്ത് മണിമലയാറ്റിൽ നിന്ന് വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴി ബസ് സർവ്വീസ് നിലച്ചതോടെ 25 രൂപ വാങ്ങിയാണ് ഓരോ ആളുകളെ കൊണ്ടുപോകുന്നത്. എടത്വ ഭാഗങ്ങളിലുള്ള ആളുകളെ ട്രാക്ടറുകളിൽ പൊടിയാടിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത് ട്രാക്ടറിലാണ്.

ഇടവിട്ട് കനത്തമഴ പെയ്യുന്നതിനാൽ ജലനിരപ്പ് എപ്പോൾ താഴുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. പടിഞ്ഞാറൻ മേഖലകളിലെ മിക്ക പ്രദേശങ്ങളും വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് വീടിന്റെ മുകളിൽ അഭയംതേടിയ കുടുംബങ്ങൾക്ക് വൈദ്യുതി നിലച്ചതോടെ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാതെ കുടിവെള്ള ക്ഷാമവും നേരിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL