വെഞ്ഞാറമൂട്: വേനൽ മഴക്ക് പിന്നാലെ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്.ഡെങ്കിപ്പനി ഉൾപ്പെടെയുള്ള വിവിധ തരം പനികൾ മഴക്കാലത്താണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.ഈ സാഹചര്യത്തിൽ രോഗങ്ങളിൽ നിന്ന് രക്ഷനേടാനായി കൊതുകുകളെ പ്രതിരോധിക്കാൻ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകണം.വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രം,ചിരട്ട,സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.ആഴ്ചയിലൊരിക്കൽ വീട്ടിനുള്ളിലും പരിസരത്തും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നത് രോഗവ്യാപനം തടയും.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ ശക്തമായ കൊതുകുനിവാരണ പ്രവർത്തങ്ങളും നടപ്പാക്കും.
ലക്ഷണങ്ങൾ അവഗണിക്കരുത്
പനി,തലവേദന,കണ്ണിനു പുറകിൽ വേദന,ശക്തിയായ പേശിവേദന,ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്.ഡെങ്കിപ്പനിയുള്ള ഒരാളെ കടിക്കുന്ന കൊതുകിന്റെ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കൊതുകുകളും രോഗവാഹകരായിരിക്കും.
ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക.സ്വയം ചികിത്സ പാടില്ല.തുടർച്ചയായ ഛർദ്ദി,വയറുവേദന,കറുത്ത മലം,ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക,രക്തസമ്മർദ്ദം താഴുക,ശ്വാസംമുട്ട് തുടങ്ങിയവ അപായ സൂചനകളാണ്.
കൊതുക്, കൂത്താടി നശീകരണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ടെറസിലടക്കം വെള്ളക്കെട്ട് ഒഴിവാക്കുക
രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം.അടിയന്തര ചികിത്സാസഹായം ഉറപ്പാക്കണം.പനി മാറിയാലും മൂന്നുനാല് ദിവസം കൂടി ശ്രദ്ധവേണം.ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിൻ വെള്ളം,പഴച്ചാറുകൾ,തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കണം.സ്വയംചികിത്സ പാടില്ല (ആരോഗ്യവിദഗ്ദ്ധർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |