
കാട്ടാക്കട: ആര്യനാട് ചൂഴ ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിന് മുൻവശത്ത് റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോമർ കാട്ടുവള്ളികൾ പടർന്ന് അപകടഭീഷണിയിലായെന്ന് പരാതി. നിരവധി സ്കൂൾ ബസുകളും വിദ്യാർത്ഥികളും ഇരുചക്ര വാഹനയാത്രികരും ദിനംപ്രതി സഞ്ചരിക്കുന്ന പ്രധാന റോഡിന് സമീപമാണ് ട്രാൻസ്ഫോമറുള്ളത്. ട്രാൻസ്ഫോമറിൽ നിന്ന് പുക ഉയരുന്നതായും പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. ട്രാൻസ്ഫോമറിന് ചുറ്റുമുള്ള കാട്ടുവള്ളികൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മഴക്കാലമായതിനാൽ നനഞ്ഞ വള്ളികളിലൂടെ വൈദ്യുതി പ്രവഹിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കാമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. ട്രാൻസ്ഫോമറിലും പരിസരത്തുമായി വളർന്നിരിക്കുന്ന കാട്ടുവള്ളികൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്ന് സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചൂഴ ഗോപൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |