
നെടുമങ്ങാട്: അഭ്യസ്തവിദ്യരായ യുവതികൾക്ക് സ്വയംതൊഴിലെന്ന നിലയിൽ ലഭ്യമാക്കിയ സവാരി ഓട്ടോറിക്ഷകളും ഹരിതകർമ്മ സേനയുടെ സേവന വാഹനങ്ങളും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് തലവേദനയായി. വനിതാക്ഷേമ പദ്ധതി 'സമൃദ്ധി"യുടെ ഭാഗമായി അനുവദിച്ച അഞ്ച് ഓട്ടോകളിൽ നാലും ഹരിതസേനയുടെ മൂന്നു ഓട്ടോകളുമാണ് ബ്ലോക്ക് ഓഫീസിന്റെ പിന്നാമ്പുറത്ത് ഉപേക്ഷിക്കപ്പെട്ടത്. മുൻ ബ്ലോക്ക് ഭരണസമിതിയാണ് ലക്ഷങ്ങൾ മുടക്കി വാഹനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്.
റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ചയെന്ന്
നിശ്ചിത കാലയളവിൽ റിപ്പയർ ചെയ്തു നൽകുന്നതിൽ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വാഹനങ്ങൾ മടക്കി നൽകാൻ ഗുണഭോക്താക്കളെ നിർബന്ധിതരാക്കിയതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
നിലവിലെ ഭരണസമിതി ആദ്യയോഗത്തിൽ റിപ്പയർ ചെയ്യുന്നതിനായി മുപ്പതിനായിരം രൂപ അനുവദിക്കുകയും കേരള ഓട്ടോമൊബൈൽസിന് കത്ത് നൽകുകയും ചെയ്‌തെങ്കിലും വാഹനങ്ങൾ നിരത്തിലിറക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കൃഷി ഡയറക്ട്രേറ്റിന് കീഴിലുള്ള അഗ്രോസർവീസ് സെന്റർ വക നിലമുഴുകുന്നതിനുള്ള ട്രില്ലറും അനുബന്ധ കാർഷികോപകരണങ്ങളും കൂടി ബ്ലോക്ക് ഓഫീസിന് പിന്നിൽ ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. ഗുണഭോക്തൃ സമിതികളെയോ, ഉപഭോക്താക്കളെയോ കണ്ടെത്തി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുമ്പോൾ, നെൽകൃഷി അന്യാധീനപ്പെട്ട സാഹചര്യത്തിൽ ഉപകരണങ്ങൾ ആര് ഏറ്റെടുക്കുമെന്ന ആശങ്കയിലാണ് ബ്ലോക്ക് അധികൃതർ.
2016-21 കാലയളവിൽ തുടർച്ചയായി നാല് തവണ കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാദ്ധ്യായ പുരസ്കാരവും മൂന്ന് തവണ സംസ്ഥാന സ്വരാജ് ട്രോഫിയും നേടിയ ബ്ലോക്കിനാണ് ഈ ഗതികേട്. അവാർഡ് തുകയായി ലഭിച്ച 1.85കോടി രൂപ ആനാട് ഫാർമേഴ്‌സ് കോപ്പറേറ്റിവ് ബാങ്കിൽ സ്ഥിര നിക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |