വെഞ്ഞാറമൂട്: സംസ്ഥാന പാതയിൽ വട്ടപ്പാറ മുതൽ ജില്ല അതിർത്തിയായ വാഴോട് വരെ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. അമിതവേഗതയും ട്രാഫിക് നിയമ ലംഘനവുമാണ് പ്രധാന വില്ലനാകുന്നത്.
വട്ടപ്പാറ കണക്കോട് മുതൽ ചടയമംഗലം വരെയുള്ള മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അവയെ പ്രതിരോധിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കിളിമാനൂർ ബസ് സ്റ്റാൻഡിന് സമീപം ശില്പ ജംഗ്ഷനിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാനിന് പിറകിൽ കാറ് വന്നിടിച്ചത് അവസാനത്തെ സംഭവം. സമീപത്തെ പച്ചക്കറിക്കടയിലെ ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
തുടരെ അപകടങ്ങൾ
വേറ്റിനാട്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു
കൊപ്പത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊപ്പത്ത് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
വാമനപുരത്ത് റേഷനരി കയറ്റിവന്ന ലോറി മറിഞ്ഞ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു
കിളിമാനൂർ പൊരുന്തമണ്ണിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു
പ്രധാന കേന്ദ്രങ്ങൾ
വട്ടപ്പാറ,വേറ്റിനാട്,വെമ്പായം,കൊപ്പം,പിരപ്പൻകോട്,ആലന്തറ,വാമനപുരം,കിളിമാനൂർ,നിലമേൽ
അമിതവേഗം
വട്ടപ്പാറ,കന്യാകുളങ്ങര,വെഞ്ഞാറമൂട്,പിരപ്പൻകോട്, വാമനപുരം മേഖലകളിലെ സ്കൂളുകൾക്ക് മുന്നിൽ പോലും വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്പീഡ് ബ്രേക്കറുകളോ ട്രാഫിക് പൊലീസിന്റെ സേവനമോ ഉറപ്പാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
അപകടങ്ങൾ നടന്നുകഴിഞ്ഞാൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന പരിശോധനകളല്ലാതെ, പാതയിൽ സ്പീഡ് ഗവർണറുകളോ ക്യാമറകളോ കൃത്യമായി പ്രവർത്തിക്കുന്നില്ല. വാമനപുരം, കിളിമാനൂർ മേഖലകളിൽ ഹൈവേ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുകയാണ്.
ഫോട്ടോ: സംസ്ഥാന പാതയിൽ തൈക്കാട് ജംഗ്ഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |