കോട്ടയം:പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽ നിന്ന് മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.സംഭവത്തിൽ ഷാപ്പ് ലൈസൻസികളായ രണ്ട് പേർ,മാനേജർ,പാചകക്കാരൻ എന്നിവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷ് (41)സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച്ച രാവിലെയാണ് മരിച്ചത്.ജ്യോതിഷിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഭക്ഷണം നൽകാനുള്ള ലൈസൻസില്ലാതെയാണ് ഷാപ്പ് പ്രവർത്തിച്ചിരുന്നതെന്നും ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലായിരുന്നുവെന്നും കണ്ടെത്തി.കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് എക്‌സൈസ് അറിയിച്ചു.കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ടാണ് കുമളി സ്വദേശികളായ മൂന്ന് പേർ ഉൾപ്പെടെയുള്ള ഏഴംഗ സംഘം തൊള്ളായിരം ഷാപ്പിൽ നിന്ന് തലക്കറിയും കള്ളും പാഴ്സൽ വാങ്ങിയത്.ഇവരിൽ തലക്കറി കഴിച്ച അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ചികിത്സയിലുള്ള നാല് പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |