
കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട രാജരാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യയാണ് (32) ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. വെണ്ണിയൂർ സ്വദേശി അഞ്ജു (28) ശനിയാഴ്ച മരിച്ചിരുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളും സുഹൃത്തുക്കളുമായ ഇവർ ഒരുമിച്ചാണ് കഴിഞ്ഞ 30ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
സ്വർണം തട്ടിയെടുത്ത വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധു കുമാരിയെ (53) ഞായറാഴ്ച വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇവർ റിമാൻഡിലാണ്. സിന്ധുകുമാരി പലരിൽ നിന്നായി 102 പവനിലധികം തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. ഈ സാഹചര്യത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.
സൂര്യഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിലെ അമരവിള ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു ഐശ്വര്യ. അഞ്ജുവിന് വിഴിഞ്ഞം ബ്രാഞ്ചിലായിരുന്നു ജോലി. തട്ടിപ്പിന് ഇരയായതിനെത്തുടർന്ന് കഴിഞ്ഞ 30ന് ഇരുവരും തിയേറ്റർ ജംഗ്ഷനിലെ കടയിൽ നിന്ന് കരിക്കിൻ ഷേക്ക് വാങ്ങി കോവളം ആവാടുതുറ ബീച്ചിലെത്തി വിഷം കലർത്തി കുടിക്കുകയായിരുന്നു. കണ്ണകിയാണ് (7) ഐശ്വര്യയുടെ ഏക മകൾ.
സ്വർണം ചോദിച്ചപ്പോൾ 'പോയി ചാകടി'
എന്ന് പ്രതിയുടെ മറുപടി
ഐശ്വര്യയും അഞ്ജുവും അമരവിള ബ്രാഞ്ചിൽ ജോലി ചെയ്യവെയാണ് സിന്ധുകുമാരി ഇവരെ പരിചയപ്പെടുന്നത്. സൂര്യ ഫിനാൻസിൽ ഇടപാടുകാർ പണയം വയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇയിൽ വയ്ക്കാമെന്ന് പറഞ്ഞ് പ്രതി വാങ്ങുകയായിരുന്നു. എന്നാൽ ഇതിന് യാതൊരു രേഖയും നൽകാതിരുന്നത് യുവതികളെ സമ്മർദ്ദത്തിലാക്കി. ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രതിയെ കണ്ട് സ്വർണം തിരികെ ചോദിച്ചപ്പോൾ തന്നതിന് തെളിവൊന്നും ഇല്ലല്ലോ എന്നും തിരികെ തരില്ലെന്നും പറഞ്ഞു. ഞങ്ങൾക്ക് മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് യുവതികൾ പറഞ്ഞപ്പോൾ 'പോയി ചാകടി' എന്നായിരുന്നു സിന്ധുകുമാരിയുടെ പ്രതികരണമെന്ന് യുവതികളുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |