
വിതുര: വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിൽ ചാരുപാറ മുതൽ ചായം ചെറ്റച്ചൽ വരെയുള്ള റോഡിൽ അപകടങ്ങൾ പതിവായിട്ടും അവ തടയാനുള്ള നടപടി മാത്രമില്ലെന്ന് ആക്ഷേപം. റോഡിലൂടെ ചീറിപ്പായുന്ന ടിപ്പറുകളും ടോറസ് ലോറികളും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ പേരയത്തുപാറയിൽ നിന്ന് ചാരുപാറ-ചായം വഴി പാലോട്ടേക്ക് പോകുന്ന പ്രധാന റോഡാണിത്. പാലോട്,നന്ദിയോട് ഭാഗത്തേക്ക് എളുപ്പത്തിൽ പോകുന്നതിനായി നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡുകൂടിയാണ് ചായം-ചാരുപാറ റോഡ്. അമിതവേഗവും അശ്രദ്ധയും ചിലമേഖലകളിലുള്ള റോഡിന്റെ വീതിക്കുറവും അപകടവളവുകളുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. ടിപ്പർ ലോറികൾ മുതൽ ബൈക്കുകൾ വരെ ഇതുവഴി അമിതവേഗതയിലാണ് പായുന്നത്.
അപകടം പതിവായി
ചായം ഭദ്രകാളിക്ഷേത്ര ജംഗ്ഷന് സമീപത്തുവച്ച് സ്കൂട്ടർ അപകടത്തിൽ ഒരു പെൺകുട്ടിയും ബൈക്ക് മറിഞ്ഞ് ഒരുവീട്ടമ്മയും മരിച്ചിരുന്നു.
എം.ജി.എം പൊൻമുടി വാലി സ്കൂളിന് സമീപം ഓട്ടോറിക്ഷ കുഴിയിൽ വീണ് നാലു പേർക്ക് പരിക്കേറ്റിരുന്നു.
ചായം ഭദ്രകാളിക്ഷേത്രത്തിന് മുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വിമുക്തഭടനായ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു
ചായം ദർപ്പയിൽ നടന്ന അപകടങ്ങളിലും രണ്ട് പേരുടെ ജീവൻ നഷ്ടമായി.
പറണ്ടോടിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടിരുന്നു.
ചായം ശ്രീഭദ്രകാളിക്ഷേത്രത്തിന് സമീപം പാറപ്പൊടി കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു
ചീറിപ്പാഞ്ഞ് ...
ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ചാരുപാറ ചായം റോഡിൽ ടിപ്പറുകളും ബൈക്കുകളും അമിത വേഗത്തിലാണ് ചീറിപ്പായുന്നത്. ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. ബൈക്കിൽ അമിതവേഗതയിലെത്തിയ യുവസംഘം കാൽനടയാത്രികരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ട്. പൊലീസിന്റെ ശ്രദ്ധ ഇവിടേക്ക് പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിവിധ സ്കൂളുകളിലെ കുട്ടികളാണ് ഈ വഴികടന്നുപോകുന്നത്. വാഹനങ്ങളുടെ ചീറിപ്പായൽ കാരണം ജീവൻ കൈയിൽപ്പിടിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |