കിളിമാനൂർ: കൊടുവഴന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പ്ലസ്‌വൺ കൊമേഴ്സ് വിദ്യാർത്ഥികളും പ്ലസ്ടു സയൻസ് ബാച്ച് വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. പ്ലസ്‌വൺ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ നിർമ്മിച്ച ഗ്യാംഗ്സ്റ്റർ ഗ്രൂപ്പിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
സീനിയർ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റഗ്രാമിൽ ഇത്തരം ഗ്രൂപ്പുകൾ നിലവിലുണ്ട്. എന്നാൽ പുതുതായെത്തിയ വിദ്യാർത്ഥികൾ, മറ്റൊരുഗ്രൂപ്പ് നിർമ്മിച്ചത് പ്ലസ്ടു വിദ്യാർത്ഥികളെ ചൊടിപ്പിക്കുകയായിരുന്നു. ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് പ്ലസ്ടു വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും പ്ലസ്‌വൺ വിദ്യാർത്ഥികൾ നിരസിക്കുകയായിരുന്നു. തുടർന്ന് കിളിമാനൂർ ചൂട്ടയിൽ സ്വദേശിയായ പ്ലസ്‌വൺ കൊമേഴ്സ് വിദ്യാർത്ഥിയും പ്ലസ്ടു വിദ്യാർത്ഥിയും തമ്മിൽ തർക്കമായി.
നേരത്തെ ഇതേച്ചൊല്ലി കുട്ടികൾ ചേരിതിരിഞ്ഞ് ഇൻസ്റ്റഗ്രാം വഴി നടത്തിയ കൊലവിളി തെരുവിലേക്ക് എത്തുകയായിരുന്നു. സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥികൾ കൂടി പ്രശ്‌നത്തിൽ ഇടപെട്ടതോടെ കൂട്ടത്തല്ലായി. പ്രശ്നക്കാരായ ഇരുവിദ്യാർത്ഥികളും തല്ലിത്തീർക്കണമെന്നായിരുന്നു സീനിയർ വിദ്യാർത്ഥികളുടെ ' ഒത്തുതീർപ്പ് ഫോർമുല". പ്ലസ്‌വൺ വിദ്യാർത്ഥി വെല്ലുവിളി ഏറ്റെടുത്തതോടെ തിങ്കളാഴ്ച വൈകിട്ട് സ്‌കൂൾ വിട്ടശേഷം സ്‌കൂളിന് സമീപത്തെ പോസ്റ്റോഫീസ് ജംഗ്ഷന് സമീപം ഒഴിഞ്ഞ പുരയിടത്തിൽ ഇരുകൂട്ടരും സംഘടിച്ചെത്തി തമ്മിലടിക്കുകയായിരുന്നു.
മാർഷ്യൽ ആർട്സ് പരിശീലിച്ചയാളായിരുന്നു ഏറ്റുമുട്ടിയ പ്ലസ്ടു വിദ്യാർത്ഥി. പ്ലസ്‌വൺ വിദ്യാർത്ഥിയുടെ കഴുത്ത് ലോക്ക് ചെയ്ത് മിനിറ്റുകളോളം തറയിൽ കിടത്തുകയും ചെയ്തിരുന്നു. സംഭവം കുട്ടികൾ റീൽ വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിക്കേറ്റ പ്ലസ്‌വൺ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സ്‌കൂൾ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഒ.എസ്.അംബിക എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് ഇതുസംബന്ധിച്ച് സ്‌കൂളിൽ യോഗം ചേരും. ഇരുകൂട്ടരുടെയും പരാതിയെ തുടർന്ന് നഗരൂർ പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. വിഷയം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |