കൊച്ചി: അയൽവാസികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇടപെട്ട ഒഡീഷ സ്വദേശിക്ക് കട്ടിംഗ് ബ്ലേഡുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊച്ചുകടവന്ത്ര ആലുങ്കൽ റോഡിലെ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ബാലസോർ മാമംഗലറാം സ്വദേശി ശ്രീഹരികൃഷ്ണ മാലികിനാണ് (50) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീഹരികൃഷ്ണ മാലിക് ആശുപത്രിയിലാണ്. ഇയാളെ ആക്രമിച്ച നേപ്പാൾ സ്വദേശി സ്ഥലംവിട്ടു. അന്വേഷണം ഊർജ്ജിതമാക്കി.
ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കടവന്ത്രയിലെ ഇറച്ചിക്കടയിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശിയും തൊട്ടടുത്ത മുറിയിലെ താമസക്കാരനായ കൂലിപ്പണിക്കാരനും തമ്മിലായിരുന്നു വാക്കുതർക്കം. അടിപിടി ഒഴിവാക്കാനാണ് ശ്രീഹരികൃഷ്ണ മാലിക് വിഷയത്തിൽ ഇടപെട്ടത്. ഇതോടെ നേപ്പാൾ സ്വദേശിയും ശ്രീഹരികൃഷ്ണ മാലിക്കും തമ്മിലായി തർക്കം. ഇതിനിടെ നേപ്പാൾ സ്വദേശി പോക്കറ്റിൽ നിന്ന് തെർമോക്കോൾ കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലേഡ് എടുത്ത് ആക്രമിക്കുകയായിരുന്നു.
വയറിന് മുറിവേറ്റ് ശ്രീഹരികൃഷ്ണ മാലിക് നിലത്തുവീണു. ഈ സമയത്തിനിടെ അയൽവാസിയെ തള്ളിമാറ്റി നേപ്പാൾ സ്വദേശി സ്ഥലംവിട്ടു. അപ്പാർട്ട്‌മെന്റ് ഉടമ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് ശ്രീഹരികൃഷ്ണ മാലിയെ ആശുപത്രിയിൽ എത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് എത്തിയ ഇയാൾ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. നേപ്പാൾ സ്വദേശിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ ജില്ല വിട്ടിട്ടുണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |