
പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ വിവിധ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുത്തു. ഇവർക്ക് അക്കൗണ്ടുള്ള പൂങ്കുളത്തെ ബാങ്കിൽ അഞ്ചുവർഷത്തിനിടെ 7 കോടിയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 1.25 കോടിയുടെ ഇടപാടാണ് നടന്നത്. ഈ കാലയളവിലാണ് ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽ നിന്ന് സ്വർണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. മറ്റ് അക്കൗണ്ട് വിവരങ്ങൾ ലഭിക്കാനുണ്ട്.
എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവർക്ക് അക്കൗണ്ടുള്ള കെ.എസ്.എഫ്.ഇയുടെ തമ്പാനൂർ ശാഖ,കോവളത്തെയും വെങ്ങാനൂരിലെയും സ്വകാര്യ ധനകാര്യ സ്ഥാപനം എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. വെങ്ങാനൂരിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി നാല് ലക്ഷത്തോളം രൂപയുടെ സ്വർണം പണയം വച്ചിട്ടുള്ളതായി ജീവനക്കാരി പറഞ്ഞു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയുള്ള കേസാണ് വിഴിഞ്ഞം പൊലീസ് അന്വേഷിച്ചത്. കേസ് ഫയൽ നാളെ ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോയ്ക്ക് കൈമാറും. സാമ്പത്തിക തട്ടിപ്പുകേസ് അവരാണ് അന്വേഷിക്കുക. വീണ്ടും ഡി.സി.ആർ.ബി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ ഇവർ സഹകരിക്കുന്നില്ലെന്നും ഇവരുടെ അക്കൗണ്ട് വഴി വന്ന കോടികൾ എങ്ങോട്ട് പോയി എന്നതടക്കം തെളിവുകൾ ലഭിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെയും പരാതി
പ്രതിക്കെതിരെ ഇന്നലെ ലഭിച്ചതുൾപ്പെടെ 21പരാതികൾ വിഴിഞ്ഞം സ്‌റ്റേഷനിലുണ്ട്. 78 പവൻ തട്ടിയെടുത്തതായി നേമം സ്റ്റേഷൻ പരിധിയിലെ വീട്ടമ്മ പരാതിയുമായി എത്തിയെങ്കിലും വിഴിഞ്ഞത്ത് കേസെടുത്തിട്ടില്ല. ഇവർ നേമത്ത് പരാതി നൽകിയെന്ന് പൊലീസ് പറഞ്ഞു. കെ.എസ്.എഫ്.ഇയിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളും ഇന്നലെ പരാതി നൽകിയിട്ടുണ്ട്. പൂജപ്പുര സ്റ്റേഷനിൽ ലഭിച്ച പരാതിയും ഡി.സി.ആർ.ബിക്ക് കൈമാറിയിട്ടുണ്ട്. സ്വർണത്തട്ടിപ്പ് സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു(28),വെങ്ങാനൂർ സ്വദേശി ഐശ്വര്യ(32) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |