
നെടുമ്പാശേരി: വീടിനകത്ത് നിരവധി നായകളെ വളർത്തി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വീട്ടുടമ ഉൾപ്പെടെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലക്കാപ്പിള്ളി ശ്രീരാഗത്തിൽ കാന്തൻ എന്ന ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് കൊല്ലംകുടി വീട്ടിൽ അബൂബക്കർ (30) എന്നിവരാണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവും കണ്ടെടുത്തു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ ഉച്ചയോടെ പട്ടിപിടുത്തക്കാരുമായാണ് പൊലീസ് സംഘം പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കെത്തിയപ്പോൾ ഇരുവരും ലഹരിയിലായിരുന്നു. വിദേശ ഇനത്തിൽപ്പെട്ട അക്രമകാരികളായ മൂന്ന് നായകളും വീടിനകത്തുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ നായകളെ അഴിച്ചുവിട്ടെങ്കിലും പട്ടിപിടുത്തക്കാർ ഉണ്ടായതിനാൽ നിയന്ത്രണത്തിലാക്കി. ശ്രീകാന്തിന്റെ പഴയ തറവാട് വീടാണ്. ഇവിടെ മറ്റാരും താമസിക്കുന്നില്ല. കഞ്ചാവ് ഇടപാടുകൾക്ക് മാത്രമാണ് വീട് തുറക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നായകൾ നാട്ടുകാർക്കും ശല്യമാണ്. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് നായകളെ വളർത്തുന്നതെന്നും ആക്ഷേപമുണ്ട്. പിടിയിലായ രണ്ടുപേർക്കെതിരെയും മറ്റുകേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |