SignIn
Kerala Kaumudi Online
Thursday, 30 July 2026 4.39 AM IST

മാറനല്ലൂർ,മലയിൻകീഴ് പ്രദേശങ്ങൾ മാലിന്യക്കൂമ്പാരമാകുന്നു

c

മലയിൻകീഴ്: മാറനല്ലൂർ,മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകമാകുന്നു.
ഇടറോഡുകളും പ്രധാന റോഡുകളും ഒഴിഞ്ഞ സ്ഥലങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളാണ്.
മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിലെ വളവിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മാലിന്യനിക്ഷേപത്തിനെതിരെയുള്ള ബോർഡിന് താഴേയും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മാലിന്യനിക്ഷേപം വ്യാപകമായപ്പോൾ ബോർഡ് സ്ഥാപിച്ചത്. നിലവിൽ ബോർഡ് മറിച്ചിട്ടിരിക്കുകയാണ്. മാലിന്യപ്പൊതികൾ തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നതും നായ്ക്കൾ കടിച്ചെടുത്ത് ഒടുന്നതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്.

മൂങ്ങോട് അന്തിയൂർക്കോണം റോഡിൽ പല ഭാഗങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞിട്ടുണ്ട്. മാലിന്യം കൊണ്ടിടുന്നവരെ പിടികൂടുന്നതിനായി സന്നദ്ധസംഘടന രൂപീകരിച്ച് നിരവധി പേരെ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നെങ്കിലും മാലിന്യനിക്ഷേപത്തിന് അറുതിയാവുന്നില്ല. പഞ്ചായത്ത്
അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.

റോഡിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളും

ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവമാലിന്യം ചാക്കുകളാക്കി റോഡുകളിൽ നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്കുൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ മാസങ്ങളോളം ഇവ നീക്കാതെ കിടന്ന് പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. മാലിന്യശേഖരം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

വെള്ളവും മലിനമാകുന്നു

മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം പൊതുമാർക്കറ്റിന് സമീപത്തും ബണ്ട് റോഡിലും കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിലും മാലിന്യനിക്ഷേപം വർദ്ധിക്കുകയാണ്. മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിലേക്ക് വീണ് വെള്ളവും മലിനമാകാറുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ
മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം
കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.

ക്യാമറയ്ക്ക് മുന്നിലും മാലിന്യം

മാറനല്ലൂർ പഞ്ചായത്തിലെ അണപ്പാട്-ചീനിവിള റോഡിൽ മാലിന്യനിക്ഷേപം വ്യാപകമായപ്പോൾ പഞ്ചായത്ത് കെൽട്രോണിന്റെ സഹകരണത്തോടെ സി.സി.ടിവി ക്യാമറ സ്ഥാപിച്ചു. മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തി പഞ്ചായത്ത് പിഴ ചുമത്തിയിരുന്നു. എന്നാൽ അടുത്തിടെയായി ക്യാമറയ്ക്ക് മുന്നിലായും ചാക്കുകളിൽ മാലിന്യ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പലതവണ ക്യാമറ പരിശോധിച്ചെങ്കിലും മാലിന്യം ഇട്ടയാളെ കണ്ടെത്താനായിട്ടില്ല.

മലയിൻകീഴ്-തിരുവനന്തപുരം,മലയിൻകീഴ്-കാട്ടാക്കട,തച്ചോട്ടുകാവ്- മങ്കാട്ടുകടവ് എന്നീ റോഡുകളുടെ
ഇരുവശങ്ങളിലും മഞ്ചാടി-ശ്രീകൃഷ്ണപുരം റോഡിലും മാലിന്യനിക്ഷേപം വ്യാപകമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL