SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.56 AM IST

മഴയിലും മഞ്ഞിലും മുങ്ങി മാമല... പൊൻമുടി ഇന്ന് തുറക്കും

വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി ഇന്ന് രാവിലെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. പ്രതികൂലകാലാവസ്ഥയെ തുടർന്ന് ആഗസ്റ്റ് ഒന്ന് മുതലാണ് പൊൻമുടി അടച്ചത്. ആദ്യമായാണ് ഇത്രയധികം ദിവസം പൊൻമുടി അടച്ചിടുന്നത്. ശക്തമായ മഴയെ തുടർന്ന് പൊൻമുടി മേഖലയിൽ മൂന്നിടങ്ങളിൽ റോഡിലേക്ക് മണ്ണിടിച്ചിലുണ്ടാകുകയും ഗതാഗതതടസം നേരിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊൻമുടി അടച്ചത്.

കനത്ത മഴയെ തുടർന്ന് പൊൻമുടി വനമേഖലയിൽ നിന്നും കല്ലാറിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാകുകയും നദി നിറഞ്ഞൊഴുകുകയും ചെയ്തു. വാമനപുരം നദിയിലെ വിതുര പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ വെള്ളത്തിൽ മുങ്ങുകയും ഗതാഗതതടസം നേരിടുകയും ചെയ്തിരുന്നു. നിലവിൽ പൊൻമുടി വനമേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.

സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നു

പൊൻമുടി അടഞ്ഞുകിടക്കുകയാണെങ്കിലും സന്ദർശനാനുമതി ചോദിച്ച് ധാരാളം പേർ വനംവകുപ്പിന്റെ കല്ലാർ ചെക്ക് പോസ്റ്റിലെത്തുന്നുണ്ട്. വനപാലകർ ഇവരെ മടക്കി അയയ്ക്കുകയാണ് പതിവ്. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിക്കുവാനും പാസ് ചോദിച്ചെത്തുന്നുണ്ട്. വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളായ കല്ലാർ, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, താവയ്ക്കൽ, ചീറ്റിപ്പാറ എന്നി ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും ഇവിടങ്ങളിൽ ആയിരങ്ങളാണ് വന്നുപോകുന്നത്.

കനത്തമഞ്ഞ് വീഴ്ചയും

പൊൻമുടിയിൽ കനത്തമഞ്ഞ് വീഴ്ചയുണ്ട്. മഴയും കാറ്റും മൂലം പൊൻമുടി തണുത്ത് വിറക്കുന്ന അവസ്ഥയിലാണ്. മഞ്ഞും മഴയും കുളിർകാറ്റും സഞ്ചാരികൾക്ക് ഒരു ആകാശയാത്രയുടെ ത്രിൽ സമ്മാനിക്കും. നിലവിൽ പൊൻമുടി മേഖല സദാ മൂടൽമഞ്ഞിൽ മുങ്ങി കിടക്കുകയാണ്.

കാട്ടുമൃഗങ്ങളും

കാട്ടുമൃഗങ്ങളും പൊൻമുടിയിൽ തമ്പടിച്ചിട്ടുണ്ട്. പൊൻമുടി കല്ലാർ റോഡിലും കാട്ടാന ഭീതിപരത്തുന്നുണ്ട്. പൊൻമുടി അടച്ചതോടെ വിതുര,കല്ലാർ,പൊൻമുടി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളും നിശ്ചലാവസ്ഥയിലായിരുന്നു.

ജാഗ്രത

പൊൻമുടി വനമേഖലയിൽ നിലവിൽ മഴ ശക്തമാണ്. കല്ലാർ നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിന് സാദ്ധ്യത നിലനിൽക്കുന്നുണ്ട്. കല്ലാർ പൊൻമുടി റൂട്ടിൽ കാട്ടാനശല്യവുമുണ്ട്. നദിയിൽകുളിക്കുവാനിറങ്ങുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും, വനംവകുപ്പും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL