
തൃശൂർ: ആദ്യദിനത്തെ അപേക്ഷിച്ച് നാടകവേദികളിൽ തിരക്കേറി ഇറ്റ്ഫോക്കിന്റെ രണ്ടാം ദിനം. നാടകങ്ങൾക്കും ഉദ്ഘാടനച്ചടങ്ങിനും ഗൗളി ബാൻഡിന്റെ സംഗീതത്തിനും ശേഷം ആദ്യദിനത്തിൽ കുടുംബശ്രീയുടെ കഫേയിലെത്തിയപ്പോൾ ആളില്ലെന്നായിരുന്നു പരിഭവം. എന്നാൽ ഇന്നലെ വൈകിട്ടോടെ കുടുംബശ്രീ അടുക്കളകളിലെ വീട്ടമ്മമാരുടെ മുഖം തെളിഞ്ഞു.
മരച്ചുവട്ടിലും കുടുംബശ്രീ കഫേയിലും റീജ്യണൽ തിയറ്ററിലെ സ്ഥിരം ചായക്കടയിലും വിപുലമാക്കിയ ഇതിന്റെ പിന്നാമ്പുറത്തും ഇന്നലെ നാടകപ്രവർത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞു. ദി നൈറ്റ്സ്, ബോഡി, ടീത്ത് ആൻഡ് വിഗ്, ഹയവദന എന്നീ നാടകങ്ങളായിരുന്നു അരങ്ങിലെത്തിയത്. രാത്രിയിൽ ബി.ജി.എം ബാംബൂ മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു. പ്രോജക്ട് ഡാർലിംഗ്, ആറാമത്തെ വിരൽ, അബോറിജിനൽ ക്രൈ എന്നിവയാണ് ഇന്നത്തെ നാടകങ്ങൾ.
പ്രോജക്ട് ഡാർലിംഗ്
ബ്ലാക്ക് ബോക്സ് (രാവിലെ 9.30, വൈകിട്ട് 3)
ദ്വയാർത്ഥ സംഭാഷണവും ലൈംഗിക പരാമർശങ്ങളും കൊണ്ട് ശ്രദ്ധേയായ ഖനാവലി ചെന്നിയെ തേടിയുള്ള ഒരു സംഘത്തിന്റെ യാത്രയാണ് പ്രോജക്ട് ഡാർലിംഗ് എന്ന കന്നഡ നാടകം. 90 മിനിറ്റുള്ള നാടകത്തിൽ സംസ്കാരവും സെൻസറിംഗും നിയന്ത്രിക്കുന്ന സ്ത്രീ ലൈംഗികതയെക്കുറിച്ച് സസൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്.
ആറാമത്തെ വിരൽ
ഭരത് മുരളി തിയറ്റർ (വൈകിട്ട് 7.30)
1950കളിലെ കേരളീയ പശ്ചാത്തലത്തിൽ കെട്ടുവള്ളത്തിൽ കഥ പറയുന്ന നാടകം. വലതുകൈയിൽ ആറ് വിരലുകളുള്ള ഒരു ദളിത് തുഴച്ചിലുകാരൻ കുഞ്ഞാപ്പിയും വള്ളം ഉടമയും വ്യാപാരിയുമായ പിള്ളേച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. തുഴച്ചിലുകാരനെ കൊന്ന് ബാഗ് സ്വന്തമാക്കി ധനികനായിട്ടും പാപത്തിന്റെ ഓർമ വേട്ടയാടുന്ന പിള്ളേച്ചന്റെ ജീവിതകഥയാണ് 60 മിനിറ്റ് വരുന്ന കോട്ടയം സ്കൂൾ ഒഫ് ലെറ്റേഴ്സിന്റെ നാടകത്തിലെ ഇതിവൃത്തം.
അബോറിജിനൽ ക്രൈ
കെ.ടി.മുഹമ്മദ് തിയറ്റർ (രാവിലെ 11,വൈകിട്ട് 5.30)
മണിപ്പൂരിലെ ആറ് അണക്കെട്ടുകൾ പണിയുമ്പോൾ കുടിയിറക്കപ്പെട്ട സാധാരണക്കാരുടെ വിലാപമാണ് അബോറിജിനൽ ക്രൈ. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അണക്കെട്ടുകൾ നിർമ്മിച്ചിട്ടും വയലുകൾ ഉണങ്ങുന്നു, വൈദ്യുതിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കുടിയിറക്കപ്പെടുന്നതിന്റെ വേദനകൾ ദൃശ്യവത്കരിക്കുന്നതാണ് മണിപ്പൂരിലെ അഖോക തിയറ്ററിന്റെ 60 മിനിറ്റ് നാടകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |