SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

അതിരപ്പിള്ളി ആനപ്പേടിയിൽ കാടിറങ്ങുന്ന ഭീതി

oil-palm
തുമ്പൂർമുഴിയിലെ എണ്ണപ്പന തോട്ടം

ചാലക്കുടി: അതിരപ്പിള്ളിയിലെ വിനോദസഞ്ചാരത്തിലൂടെ വനംവകുപ്പിന് കോടികളുടെ വരുമാനം ലഭിക്കുമ്പോൾ, റിസോർട്ടുകളും ചെറുകിട കച്ചവടക്കാരും ഹോട്ടലുകളുമെല്ലാം ഇതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. റംബൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ പഴവർഗങ്ങളുടെ വിൽപ്പനയിലൂടെ കർഷകർക്കും വലിയൊരു വരുമാനം ലഭിക്കുന്നു. വന്യമൃഗങ്ങളുടെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റം ഭാവിയിൽ അതിരപ്പിള്ളി മേഖലയിലെ വലിയ വരുമാനമാർഗം ഇല്ലാതാകുമെന്ന ആശങ്കയിലാണ് എല്ലാവിഭാഗവും. ഭൂരിപക്ഷം കർഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്. വിളകളെല്ലാം വന്യമൃഗങ്ങൾ കവരുകയാണ്. മാൻ, പന്നി, അണ്ണാൻ, കിളികൾ എന്നിവയ്ക്ക് പുറമെ, ചക്കയും വാഴയും തേടി കാട്ടാനകൾ കൂടി കൂട്ടത്തോടെ എത്തിയതോടെ കൃഷിക്ക് മാത്രമല്ല, ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറി.


ആകർഷിക്കാൻ എണ്ണപ്പനത്തോട്ടം

കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച എണ്ണപ്പന കൃഷിയാണ് പിൻകാലത്ത് കാട്ടാനകളുടെ പ്രധാന വിഹാര കേന്ദ്രമായി മാറിയത്. പനകൾ കുലച്ചു തുടങ്ങിയതോടെയാണ് ഇവിടം ആനകളെ ആകർഷിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ പട്ട തിന്നാൻ കുറഞ്ഞ എണ്ണം ആനകളാണ് എത്തിയിരുന്നതെങ്കിൽ, പിന്നീട് ഇവയുടെ എണ്ണം പെരുകി. മലയാറ്റൂർ മലയിൽ നിന്നും വേനൽക്കാലത്ത് വെള്ളം തേടി പുഴയിലെത്തിയ ആനകൾ, വിശപ്പടക്കാനായി തൊട്ടരികിലെ എണ്ണപ്പന തോട്ടത്തിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ പുഴയുടെ മറുകരയിൽ പ്ലാന്റേഷൻ അധികൃതരും മറ്റ് സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളും ഫെൻസിംഗ് (വേലി) സ്ഥാപിച്ചതോടെ ആനകളുടെ തിരിച്ചുപോക്ക് തടസ്സപ്പെട്ടു. ഇതോടെ പുഴയുടെ വലതുകരയിലെത്തിയ ആനകൾ ജനവാസ മേഖലയിലേക്ക് കടന്നുകയറുകയും പ്ലാവും വാഴകളും നശിപ്പിക്കാനും ആളുകളെ ആക്രമിക്കാനും തുടങ്ങി.

വർദ്ധിക്കുന്ന ആശങ്ക

വെറ്റിലപ്പാറ, വെട്ടിക്കുഴി, വൈശേരി തുടങ്ങിയ പ്രദേശങ്ങളിൽ ആദ്യകാലത്ത് കാട്ടാനകൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ കാർഷിക വിളകൾ കൃഷി ചെയ്യാൻ സാധിക്കുന്നില്ല. ആനകളെ ഭയന്ന് വീട്ടുപറമ്പിലെ പ്ലാവുകൾ പോലും ആളുകൾ മുറിച്ചുമാറ്റി. വാഴക്കൃഷി ഇറക്കാനും ധൈര്യമില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ അതിരപ്പിള്ളി ഒരു 'കൃഷി രഹിത പഞ്ചായത്തായി' മാറുമെന്നാണ് മലയോര കർഷകർ ആശങ്കപ്പെടുന്നത്. തങ്ങൾക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ കാട്ടാനയെ കാണാൻ ഷോളയാർ വരെ പോകേണ്ട അവസ്ഥയായിരുന്നു. ഇപ്പോൾ ആനകൾ നാട്ടിലിറങ്ങുകയാണ്.
ജോൺസൻ പന്തല്ലൂക്കാരൻ
വൈശേരിയിലെ മുൻ താമസക്കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL