
തൃശൂർ: ശക്തമായ മഴയിൽ വെള്ളക്കെട്ടിലമർന്ന് നഗരം. മുൻവർഷങ്ങളിലെന്നപോലെ ശക്തൻ ബസ്‌സ്റ്റാൻഡും ടി.ബി റോഡും ഇത്തവണയും വെള്ളത്തിനടിയിലായി. സ്റ്റാൻഡിലെ കടകളിലും നിറുത്തിയിട്ട വാഹനങ്ങളിലും വെള്ളം കയറി. മലിനജലം ശക്തമായതോടെ സ്റ്റാൻഡിലെ ടയർ കടയിലെ ടയറുകൾ ഒലിച്ചുപോകാൻ തുടങ്ങി, കനത്തമഴ വകവയ്ക്കാതെ അവ പിടിച്ചുവയ്ക്കാൻ നെട്ടോട്ടമോടുകയായിരുന്നു തൊഴിലാളികൾ. സ്റ്റാൻഡിനോട് ചേർന്നുള്ള കാനയ്ക്ക് സ്ലാബുപോലും ഇല്ലാത്തതിനെ തുടർന്ന് കാനയും റോഡും തിരിച്ചറിയാതെ ജനം വലഞ്ഞു. ഇതിനിടെ യുവാവ് കാനയ്ക്ക് സമീപത്തായി വീണെങ്കിലും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത വെള്ളക്കെട്ട് വാഹനഗതാഗതവും താറുമാറാക്കി. പോസ്റ്റ് ഓഫീസ് റോഡ്, റിംഗ് റോഡിനു സമീപമുള്ള ആർ.സി.എം ലെയ്ൻ, ചെട്ടിയങ്ങാടി റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി നഗരത്തിലെ പ്രധാന പാതകളിലും മണ്ണുത്തിയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറുപ്പം റോഡ് കോൺക്രീറ്റിംഗിനെ തുടർന്ന് കാന നിർമ്മിക്കാതിരുന്നതും നിലവിൽ നടക്കുന്ന കാനനിർമ്മാണത്തിലെ മെല്ലെപ്പോക്കും സ്ഥിതി കൂടുതൽ വഷളാക്കി. ഇവിടെയും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി വലിയ നാശനഷ്ടമുണ്ടായി.
അശ്വനിയിലും വെള്ളം കയറി
അശ്വനി ആശുപത്രിയുടെ അകത്തേക്ക് വെള്ളം കയറിയതോടെ കാഷ്വാലിറ്റി വിഭാഗം മുകളിലേക്ക് മാറ്റി. പ്രദേശത്തെ ആറോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വള്ളിയമ്മയുടെ വീടിന്റെ അകത്തേക്ക് വെള്ളം കയറിയതോടെ വീട്ടുകാർ ബന്ധു വീട്ടിലേക്ക് താമസം മാറ്റി. മേയർ ഡോ.നിജി ജസ്റ്റിൻ, കൗൺസിലർ രേഷ്മ മേനോൻ എന്നിവർ സ്ഥലത്തെത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി എടുക്കുമെന്ന് മേയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |