
കോട്ടയം: പശ്ചിമേഷ്യൻ യുദ്ധവും ഉത്പാദന കുറവിനെ തുടർന്നുള്ള ചരക്കു ക്ഷാമവും കാരണം അന്താരാഷ്ട്ര റബർ വില ഉയർന്നതിനു പിന്നാലെ ആഭ്യന്തര വിലയിലും കുതിപ്പ്. ആർ.എസ്.എസ് ഫോർ ബാങ്കോക്ക് വില 282ൽ എത്തി. ആഭ്യന്തര വില 262 ലേക്ക് കുതിച്ചു. കിലോയ്ക്ക് 255 രൂപയായിരുന്നു മുൻകാല റെക്കാഡ് ആഭ്യന്തര വില. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ ഉത്പാദന കുറവാണ് അന്താരാഷ്ട്ര വില ഉയരാൻ കാരണം. വേനൽ മഴ സജീവമല്ലാത്തതിനാൽ ടാപ്പിംഗ് പുനരാരംഭിക്കാത്തതാണ് ആഭ്യന്തര വില വർദ്ധനവിന് കാരണം. ഉയർന്ന വിലയുടെ പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. വില ഉയർന്നതോടെ മഴമറയിട്ടു ടാപ്പിംഗിനുള്ള ശ്രമം കർഷകർ തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയർന്നത് ചെറുകിട കർഷകർക്ക് തിരിച്ചടി ആയിട്ടുണ്ട്.
അവധി വ്യാപാര വില (കിലോയ്ക്ക്)
ചൈന 248 രൂപ
ടോക്കിയോ 249 രൂപ
കുരുമുളകിന് തകർച്ച
കുരുമുളകിന് രണ്ടാഴ്ചക്കുള്ളിൽ ആറ് രൂപയുടെ കുറവുണ്ടായി. കർണാടകയിൽ നിന്ന് കൂടുതൽ കുരുമുളക് കുറഞ്ഞ വിലയിൽ കേരളത്തിൽ എത്തിയതാണ് ഹൈറേഞ്ച് മുളക് വില ഇടിവിനു കാരണം. മൺസൂൺ വരവറിയിച്ചതോടെ കുരുമുളക് പൊടിച്ച് സൂക്ഷിച്ചാൽ പൂപ്പൽ ബാധിക്കുമെന്നതിനാൽ മസാല കമ്പനികൾ താത്പര്യം കാട്ടുന്നില്ല. കാലവർഷം വരുന്നതോടെ ഉണ്ടാകുന്ന വിലതകർച്ച സാധാരണ കർഷകരെയാണ് ബാധിക്കുക.
ശ്രീലങ്കയിൽ നിന്ന് നികുതി രഹിതമായി 2500 ടൺ കുരുമുളക് ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന് ഇറക്കുമതി ലൈസൻസ് നൽകിയതോടെ വില ഇനിയും ഇടിഞ്ഞേക്കും.
കയറ്റുമതി നിരക്ക് (ഒരു ടണ്ണിന്)
ഇന്ത്യ -7750 ഡോളർ
ശ്രീലങ്ക- 7000 ഡോളർ
വിയറ്റ്നാം -6200 ഡോളർ
ഇന്തോനേഷ്യ-7100 ഡോളർ
ബ്രസീൽ -6000 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |