SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 AM IST

ആഗോള വിപണികളിൽ കൊറിയൻ പ്രകമ്പനം

stock-market

ഓഹരി, സ്വർണം, വെള്ളി, ക്രൂഡ് വില മൂക്കുകുത്തി

എ.ഐ വളർച്ചയിൽ ആശങ്ക

കൊച്ചി: ദക്ഷിണ കൊറിയൻ ഓഹരികളിലെ കനത്ത വിൽപ്പന സമ്മർദ്ദത്തിന്റെ പ്രകമ്പനത്തിൽ ആഗോള വിപണികൾ ഇന്നലെ തകർന്നടിഞ്ഞു. എ.ഐ മേഖലയുടെ സ്ഥിരത സംബന്ധിച്ച ആശങ്കകൾ ശക്തമായതോടെയാണ് റെക്കാഡ് ഉയരത്തിൽ നിന്ന് കൊറിയയിലെ മുഖ്യ ഓഹരി സൂചികയായ കോസ്‌പി പത്ത് ശതമാനത്തിലധികം ഇടിഞ്ഞത്. നിക്ഷേപകർ വിൽപ്പന ശക്തമാക്കിയതോടെ 20 മിനിട്ട് ദക്ഷിണ കൊറിയയിലെ എക്‌സ്ചേഞ്ച് വ്യാപാരം നിറുത്തി. ലോകത്തിലെ മുൻനിര ചിപ്പ് നിർമ്മാതാക്കളായ എസ്.കെ ഹൈനിക‌്സ്, സാംസംഗ് ഇലക്ട്രോണിക്‌സ് എന്നിവയുടെ ഓഹരി വില 12 ശതമാനത്തിലധികം ഇടിഞ്ഞു.

ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 200 ശതമാനത്തിലധികം വരുമാനം നൽകിയ ഈ കമ്പനികളുടെ മൂല്യം സംബന്ധിച്ച ആശങ്കകളാണ് തിരിച്ചടിയായത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ദീർഘകാലം ഉയർന്ന തലത്തിൽ നിലനിറുത്തുമെന്ന ആശങ്കയും ഡോളറിന്റെ കുതിപ്പും പ്രതികൂലമായി. സ്വർണം, വെള്ളി, ക്രൂഡോയിൽ വിലയും മൂക്കുകുത്തി. അമേരിക്ക മുതൽ യൂറോപ്പ് വരെയുള്ള പ്രധാന ഓഹരി വിപണികളും കനത്ത സമ്മർദ്ദത്തിലായി.

എ.ഐ ആവേശമൊഴിയുന്നു

രണ്ട് വർഷമായി നിർമ്മിത ബുദ്ധി (എ.ഐ) വിപ്ലവത്തിന്റെ പ്രതീക്ഷകളിൽ കുതിച്ചുയർന്നിരുന്ന ടെക്‌നോളജി ഓഹരികളിലാണ് വിലയിടിവ് രൂക്ഷമായത്. എ.ഐ ഡാറ്റ സെന്ററുകളിലും ചിപ്പ് നിർമ്മാണത്തിലും കമ്പനികൾ നടത്തുന്ന ഭീമമായ നിക്ഷേപങ്ങൾക്ക് ആനുപാതികമായ വരുമാന വളർച്ച ലഭിക്കില്ലെന്ന ആശങ്കയാണ് നിക്ഷേപ വിശ്വാസത്തെ ബാധിച്ചത്.

സ്വർണ വില മൂക്കുകുത്തി

അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ അടുത്ത ദിവസം ഉയർത്തുമെന്ന പ്രവചനങ്ങൾ സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാക്കി. പലിശ ഉയരുമെന്ന പ്രതീക്ഷയിൽ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചു. പലിശ ലഭിക്കാത്ത സ്വർണത്തിന് പകരം ഉയർന്ന വരുമാനം നൽകുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകർ നീങ്ങിയതാണ് തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 75 ഡോളർ ഇടിഞ്ഞ് 4,117 ഡോളറിലെത്തി. കേരളത്തിൽ ഇന്നലെ രണ്ട് തവണയായി പവൻ വില 2,480 രൂപ കുറഞ്ഞ് 1,06,040 രൂപയിലെത്തി.

ക്രൂഡിൽ വിലയിടിവ് തുടരുന്നു

ഇറാനെതിരെ അമേരിക്ക ഉപരോധം പിൻവലിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറിലെത്തി. അമേരിക്കയിലെ ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കയും എണ്ണ വിലയെ ബാധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360