SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

സമ്പാദ്യത്തിലേക്ക് ഒരു 'സൗജന്യ' യാത്ര

bus

സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാം

കേരള സർക്കാരിന്റെ സൗജന്യ പ്രിയദർശിനി യാത്രാ പദ്ധതി ലക്ഷക്കണക്കിന് വനിതകളാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഓരോ സൗജന്യ യാത്രയും യഥാർത്ഥത്തിൽ നിങ്ങളുടെ കൈയിലേക്ക് ഒരു നിശ്ചിത തുക തിരികെ ലഭ്യമാക്കുകയാണ്. എന്നാൽ, ഈ ലാഭം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിക്കാനോ അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാനോ ചെലവഴിക്കുന്നതിന് പകരം ഈ ചെറിയ തുക കൃത്യമായി മാറ്റിവെച്ച് നിക്ഷേപിച്ചാൽ ഭാവി മാറ്റിയെഴുതുന്ന സാമ്പത്തിക മുതൽക്കൂട്ടാകും. മാറ്റിവെക്കുന്ന തുക ചെറുതോ വലുതോ എന്നതിലല്ല കാര്യം, എത്രത്തോളം അച്ചടക്കത്തോടെ നിക്ഷേപിക്കുന്നു എന്നതാണ് പ്രധാനം.

വ്യക്തമായ പ്ളാൻ ഉണ്ടാക്കുക

ലക്ഷ്യങ്ങൾക്കനുസരിച്ച് ഈ തുക നമുക്ക് രണ്ട് രീതിയിൽ നിക്ഷേപിക്കാം. മൂന്ന് വർഷം വരെയുള്ള ഹ്രസ്വകാലയളവിലേക്കാണ് സമ്പാദ്യമെങ്കിൽ ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റുകളോ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളോ തിരഞ്ഞെടുക്കാം. ഇത് തികച്ചും സുരക്ഷിതമാണ്. മൂന്ന് വർഷത്തിന് മുകളിലുള്ള ദീർഘകാല നിക്ഷേപത്തിന് താല്പര്യമുണ്ടെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ എസ്‌.ഐ.പി മികച്ച മാർഗമാണ്.

എങ്ങനെ നേട്ടമാകും

സൗജന്യ യാത്രയിലൂടെ ഒരു വനിത പ്രതിമാസം ചുരുങ്ങിയത് 2,500 രൂപ ലാഭിക്കുന്നുവെന്ന് കരുതുക. ഈ തുക ഒരു വർഷത്തിൽ 30,000 രൂപയാകും. 2,500 രൂപ വീതം എല്ലാ മാസവും ഒരു മ്യൂച്വൽ ഫണ്ട് എസ്‌.ഐ.പിയിൽ മുടക്കിയാൽ ശരാശരി 12 ശതമാനം വാർഷിക ആദായം കണക്കാക്കിയാൽ അഞ്ച് വർഷത്തിലെ നേട്ടം രണ്ട് ലക്ഷത്തിലധികം രൂപയാണ്.

എമർജൻസി ഫണ്ട് സൃഷ്‌ടിക്കാം

ജീവിതത്തിലെ അപ്രതീക്ഷിത ആവശ്യങ്ങൾക്കായി ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കാനും ഈ തുക ഉപയോഗിക്കാം. മൂന്ന് മുതൽ ആറ് മാസത്തെ ജീവിതച്ചെലവുകൾക്ക് തുല്യമായ തുക അടിയന്തിര ഫണ്ടായി കരുതുന്നത് ഏത് പ്രതിസന്ധി ഘട്ടത്തിലും വലിയ ആശ്വാസമാണ്.

ഓർക്കുക, ഒന്ന് ശ്രമിച്ചാൽ ഈ സൗജന്യ യാത്രയെ നിങ്ങളുടെ സ്വപ്‌നങ്ങളിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുമുള്ള ഒരു സൂപ്പർഫാസ്റ്റ് യാത്രയാക്കാം. വരുമാനം കൂടുതലുള്ളവരെല്ലാം ധനികരാകണമെന്നില്ല. കൃത്യമായ അച്ചടക്കത്തോടെയുള്ള സമ്പാദ്യ ശീലമാണ് ഒരാളെ സാമ്പത്തിക ഭദ്രതയിൽ എത്തിക്കുന്നത്. ഇന്ന് മാറ്റിവെക്കുന്ന ചെറിയ തുക നാളത്തെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാകും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ധയാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360