
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ടെൻഡർ നടപടികളിലേക്ക് കടന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ). 10, 20 മൂല്യമുള്ള നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ അച്ചടിക്കുന്നത്.
ബാങ്ക് നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒപാസിഫൈഡ് സ്ബ്‌ട്രേറ്റ് ഷീറ്റുകൾ നിർമ്മിക്കുന്ന കമ്പനികളെ കണ്ടെത്താനുള്ള ആഗോള ടെൻഡറാണ് ആർ.ബി.ഐ ക്ഷണിച്ചത്.
കുറഞ്ഞത് 68,000 റീമുകളെങ്കിലും (ഒരു റീം: 500 നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള സബ്സ്‌ട്രേറ്റ് ഷീറ്റ്) നൽകാൻ കഴിയുന്ന കമ്പനികളാണ് ടെൻഡർ നൽകേണ്ടത്. ആഗസ്റ്റ് 18 ആണ് അവസാന തീയതി.
1988ൽ ആസ്‌ട്രേലിയയാണ് ആദ്യമായി പോളിമർ കറൻസി നോട്ട് അവതരിപ്പിച്ചത്. പിന്നീട് കാനഡ, യു.കെ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ, റൊമാനിയ, വിയറ്റ്നാം, നൈജീരിയ തുടങ്ങി 60 ഓളം രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്.
ശ്രദ്ധ സുരക്ഷാ മാനദണ്ഡങ്ങളിൽ
പോളിമർ നോട്ട് നിർമാണത്തിനായി ഉപയോഗിക്കുന്ന സബ്സ്‌ട്രേറ്റുകളുടെ സുരക്ഷയാണ് ആർ.ബി.ഐയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുമായി കരാർ ഇടപാടുകൾ ഇല്ലാത്ത കമ്പനികൾക്കാകും കരാർ നൽകുക. പോളിമർ നോട്ട് വരുന്ന സാഹചര്യത്തിലും നിലവിലെ പേപ്പർ നോട്ടുകൾ അസാധുവാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറങ്ങുന്ന പോളിമർ നോട്ടുകൾക്കൊപ്പം നിലവിലുള്ള നോട്ടുകളും പ്രചാരത്തിൽ തുടരും. പദ്ധതി വിജയിച്ചാൽ നിലവിലെ പേപ്പർ നോട്ടുകൾ പഴകുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി മാത്രമേ പേപ്പർ നോട്ടുകൾ പിൻവലിക്കൂ.
കീറില്ല, തേയില്ല
നിലവിൽ പ്രചാരത്തിലുള്ള കോട്ടൺ-പേപ്പറിന് പകരം സിന്തറ്റിക് പോളിമർ ഷീറ്റുകളിൽ അച്ചടിക്കുന്ന നോട്ടുകൾ. കടലാസ് നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ കാലം ഈട് നിൽക്കും. തേയ്മാനവും കീറലും കുറവായിരിക്കും. വെള്ളം, ഈർപ്പം, അഴുക്ക് എന്നിവയെ പ്രതിരോധിക്കും.
ചെലവ് കുറയ്ക്കും
രാജ്യത്ത് ഏറ്റവും കൂടുതൽ ക്രയവിക്രയം നടക്കുന്നതിനാൽ 10, 20 മൂല്യങ്ങളിലുള്ള നോട്ടുകൾ പെട്ടെന്ന് പഴകുന്നു. പ്രതിവർഷം കോടിക്കണക്കിന് നോട്ടുകൾ പിൻവലിച്ച് പുതിയത് അച്ചടിക്കേണ്ടി വരുന്നത് ഇരട്ടിച്ചെലവ്.
ആദ്യം 200 കോടി നോട്ടുകൾ
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ അച്ചടിക്കുക 10, 20 മൂല്യങ്ങളിലുള്ള 200 കോടി നോട്ടുകളാണ്. ഓരോ മൂല്യത്തിലുമായി 100 കോടി വീതം. രാജ്യത്തെ വിവിധ കാലാവസ്ഥാ മേഖലകളിൽ ഇത് വിതരണം ചെയ്യും. ഈട്, ജനസ്വീകാര്യത, സുരക്ഷ, അച്ചടി ചെലവ് എന്നിവ വിലയിരുത്തി കൂടുതൽ മൂല്യമുള്ള നോട്ടുകളിലേക്ക് വ്യാപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |