
തൃശൂർ: 2026-27 സാമ്പത്തികവർഷത്തെ ഒന്നാം പാദത്തിൽ ധനലക്ഷ്മി ബാങ്ക് 24.91 കോടി രൂപ അറ്റലാഭം നേടി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിലെ 8 കോടി രൂപയുടെ അറ്റനഷ്ടത്തിൽ നിന്നാണ് ബാങ്കിന്റെ ഈ മികച്ച തിരിച്ചുവരവ്. ഒന്നാം പാദ പ്രവർത്തനലാഭം 51.45 കോടി രൂപയാണെന്ന് ബാങ്ക് അറിയിച്ചു.
മൊത്തം ബിസിനസിൽ 21.13% വാർഷിക വളർച്ചയോടെ 35,190 കോടി രൂപയുടെ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷമിത് 29,051 കോടി രൂപയായിരുന്നു. നിക്ഷേപം 17.10% വർദ്ധിച്ച് 19,404 കോടി രൂപയിലെത്തി. റീറ്റെയിൽ നിക്ഷേപങ്ങളിൽ 18.62% വളർച്ചയുണ്ട്. മൊത്തം നിക്ഷേപത്തിന്റെ 28.81% കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളാണ്.
വായ്പകളിൽ 17.27% വർദ്ധനവോടെ 15,786 കോടി രൂപയായി ഉയർന്നു. സ്വർണ്ണ പണയ വായ്പയിൽ 75.91% വളർച്ച നേടി 7105 കോടി രൂപയിലെത്തി. വായ്പാ നിക്ഷേപ അനുപാതം 75.33 ശതമാനത്തിൽ നിന്ന് 81.35 ശതമാനമായി ഉയർന്നു. മൊത്തം വരുമാനം 18.96% വളർച്ചയോടെ 484.25 കോടി രൂപയായി.
മൊത്തം നിഷ്‌ക്രിയ ആസ്തി 3.22 ശതമാനത്തിൽ നിന്ന് 1.82 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.13 ശതമാനത്തിൽ നിന്ന് 0.47 ശതമാനമായും കുറഞ്ഞു. നിഷ്‌ക്രിയ ആസ്തിയിലേക്കുള്ള നീക്കിയിരിപ്പു തോത് 92.77% ആണ്. മൂലധന പര്യാപ്തതാനുപാതം 19.19% ആയി ഉയർന്നു.
ഒന്നാം പാദ ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അജിത്കുമാർ കെ.കെ. പറഞ്ഞു. 21 ശതമാനത്തിലധികം ബിസിനസ് വളർച്ച സുസ്ഥിര വളർച്ചാ തന്ത്രത്തിന് പിന്തുണയാകും. 2026 നവംബറിൽ ശതാബ്ദി വർഷത്തിലേക്ക് കടക്കുന്ന ബാങ്ക് ഈ മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് ഡെവലപ്മെന്റ് ആൻഡ് പ്ലാനിംഗ് ഹെഡ് ബിജുകുമാർ പി.എച്ച്. റിപ്പോർട്ട് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |