
കൊച്ചി: രാജ്യത്തെ ഭവന, വാഹന, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന് റിസർവ് ബാങ്ക് ഇത്തവണയും മുഖ്യ പലിശ നിരക്കായ റിപ്പോ 5.25 ശതമാനമായി നിലനിറുത്തി. വരുംമാസങ്ങളിലും വായ്പ നിലപാട് ന്യൂട്രലായി നിലനിറുത്തുമെന്ന് ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഉയർന്നുവെങ്കിലും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
സാമ്പത്തിക വളർച്ച ശക്തമാണെങ്കിലും കാലവർഷ ലഭ്യതയിലെ വ്യതിയാനങ്ങളും എൽനിനോ പ്രതിഭാസങ്ങളും പശ്ചിമേഷ്യയിലെ സംഘർഷവും വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങളും ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് സമിതി വിലയിരുത്തി.
പ്ളാസ്റ്റിക് നോട്ടുകൾ അടുത്ത വർഷം
അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ പോളിമർ നോട്ടുകൾ അവതരിപ്പിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
തുടക്കത്തിൽ 10 രൂപ, 20 രൂപ നോട്ടുകളാണ് പ്ളാസ്റ്റിക് രൂപത്തിൽ എത്തുക.സർക്കുലേഷനിലുള്ള നോട്ടുകളിൽ ഏകദേശം 25 ശതമാനം പത്ത് രൂപ. 20 രൂപ നോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.
യു.പി.ഐക്ക് ചെലവേറുമോ?
യു.പി.ഐ ഇടപാടുകളിൽ മർച്ചന്റ് പേയ്മെന്റ് ഡിസ്കൗണ്ടുകൾ(എം.ഡി.ആർ) കേന്ദ്ര സർക്കാർ അനുവദിച്ചാൽ അധിക ബാദ്ധ്യത ഉപഭോക്താക്കൾ വഹിക്കണമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
നാണയപ്പെരുപ്പം
നടപ്പുസാമ്പത്തിക വർഷം നാണയപ്പരുപ്പം അവലോകനം നേരത്തെ വിലയിരുത്തിയ 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി പുതുക്കി.
ജി.ഡി.പി വളർച്ച
നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച ലക്ഷ്യം 6.7 ശതമാനമായി ഉയർത്തി.
ധനകാര്യ സ്ഥിരത
രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൂലധന പര്യാപ്തതയും പണലഭ്യതയും ആസ്തി നിലവാരവും ലാഭക്ഷമതയും ആരോഗ്യകരമാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തി.
വിദേശ നിക്ഷേപം
നേരിട്ടുള്ള വിദേശ നിക്ഷേപം നടപ്പുസാമ്പത്തിക വർഷം 3,070 കോടി ഡോളറായി ഉയരുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.
പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള റിസർവ് ബാങ്ക് തീരുമാനം സാമ്പത്തിക സ്ഥിരത കൂടുതൽ ശക്തിപ്പെടുത്തുകയും രാജ്യത്തെ ശക്തമായ വായ്പാ വളർച്ചയുടെ വേഗം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
വിനോദ് ഫ്രാൻസിസ്
സീനിയർ ജനറൽ മാനേജർ ആൻഡ്
ചീഫ് ഫിനാൻഷ്യൽ ഓഫീസർ
സൗത്ത് ഇന്ത്യൻ ബാങ്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |