SignIn
Kerala Kaumudi Online
Saturday, 30 May 2026 5.48 PM IST

ഇന്ത്യ- ഇൻഡോനേഷ്യ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കും

s

ന്യൂഡൽഹി: പ്രതിരോധത്തിലും വിതരണ ശൃംഖലയിലും ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യ- ഇൻഡോനേഷ്യ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉഭയകക്ഷി പ്രതിരോധ സഹകരണ കരാർ നടപ്പാക്കാൻ ഉന്നതതല പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് പ്രബോവോ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വാങ്ങാൻ ചർച്ച നടത്തുന്നതിനിടെയാണ് പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനുള്ള ധാരണ. ബ്രഹ്‌മോസ് ഇടപാട് അന്തിമമാക്കിയെന്നാണ് സൂചന.

സമുദ്ര സുരക്ഷ, കുറ്റകൃത്യങ്ങൾ തടയൽ, തെരച്ചിൽ, രക്ഷാപ്രവർത്തനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് തീരദേശ സേനയും ഇൻഡോനേഷ്യയുടെ സമുദ്ര സുരക്ഷാ ഏജൻസിയും (ബകാംല)​ കരാറിൽ ഒപ്പിട്ടു. വ്യാപാരം, സൈബർ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും ധാരണയായി.

ഇന്തോ-പസഫിക് മേഖലയിൽ ഇൻഡോനേഷ്യ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ധാരണയിലെത്തി. പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രബോവോ സുബിയാന്റോയുമായി സമഗ്രമായ ചർച്ച നടത്തി.

ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ദുരന്ത നിവാരണ ഉദ്യോഗസ്ഥർ സംയുക്ത അഭ്യാസങ്ങളിൽ പങ്കെടുക്കും. ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ ഇന്ത്യ കൈമാറും.

ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷങ്ങളിൽ വേഗത കൈവരിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഇത് കൂടുതൽ മെച്ചപ്പെടുത്താനും വ്യാപാരം വൈവിധ്യവത്‌കരിക്കാനും ചർച്ച നടത്തി.

രാവിലെ ഡൽഹിയിലെത്തിയ പ്രബോവോയ്‌ക്ക് രാഷ്‌ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. രാജ്ഘട്ടിലെത്തിയ പ്രബോവോ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.

ഇന്ത്യ ഇൻഡോനേഷ്യയുടെ ദീർഘകാല സുഹൃത്താണ്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും. ഇൻഡോനേഷ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യൻ നിക്ഷേപ സഹായം വേണം

- പ്രബോവോ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360