
ചെന്നൈ: ഒടുവിൽ ഡി.എം.കെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ്. ഡി.എം.കെയ്ക്കു പിന്നിൽ പതിറ്റാണ്ടുകളായി നിന്ന കോൺഗ്രസാണ് വിജയ് കാരണം ടി.വി.കെയുടെ ഘടകകക്ഷിയായത്. 'ഇന്ത്യ"മുന്നണിയുടെ പ്രധാന പാർട്ടിയായ ഡി.എം.കെയെ കൈവിടുന്നത് ദേശീയതലത്തിലും ചലനങ്ങളുണ്ടാക്കും. ടി.വി.കെ രൂപീകരിച്ചപ്പോഴേ കോൺഗ്രസിനെ മുന്നണിയിലേക്ക് ടി.വി.കെ ക്ഷണിച്ചിരുന്നു. എന്നാൽ,ഡി.എം.കെ അധികാരത്തിൽ തുടരുമെന്ന ധാരണയിലായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം.
ദേശീയ നേതൃത്വമാകട്ടെ ടി.വി.കെയുമായി കൂട്ടുകൂടണമെന്ന ആലോചനയിലും. ഈ അസ്വാരസ്യം മറച്ചുവച്ചായിരുന്നു ഇരുപാർട്ടികളും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാലും,പരസ്പരം സഹോദരങ്ങളെന്നു വിളിച്ചിരുന്ന സ്റ്റാലിനും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് വേദികൾ പങ്കിട്ടില്ല. ഇത് അകൽച്ചയുടെ സൂചനായാണെന്ന് കേരളകൗമുദി ഏപ്രിൽ 23ന് റിപ്പോർട്ടു ചെയ്തിരുന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ടി.വി.കെയുടെ സഖ്യകക്ഷിയായി തുടരുമെന്നാണ് കോൺഗ്രസ് അറിയിച്ചത്.
പിന്നിൽ നിന്ന് കുത്തി
തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെ 'പിന്നിൽ നിന്ന് കുത്തിയവർ' എന്ന് ഡി.എം.കെ വിശേഷിപ്പിച്ചു. കോൺഗ്രസ് നേടിയ അഞ്ച് നിയമസഭാ സീറ്റുകൾ മുഖ്യമന്ത്രി സ്റ്റാലിന്റെ കരുണയിൽ മാത്രം ലഭിച്ചതാണെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആഞ്ഞടിച്ചു. രാഹുലിനെ ബി.ജെ.പിയും ആർഎസ്എസും 'പപ്പു' എന്ന് വിളിച്ച് പരിഹസിച്ചപ്പോൾ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആദ്യം ഉയർത്തിക്കാട്ടിയത് സ്റ്റാലിനാണെന്ന് അണ്ണാദുരൈ ഓർമ്മിപ്പിച്ചു. അതേസമയം,ബി.ജെ.പി തമിഴ്നാട്ടിൽ കണ്ണുവയ്ക്കുകയാണെന്നും അതു തടയനാണ് ടി.വി.കെയ്ക്ക് പിന്തുണ നൽകുന്നതെന്നുമാണ് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |