
ന്യൂഡൽഹി: 200 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ് അടക്കമുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതിയുടെ ഉത്തരവ്. അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മയുടേതാണ് ഉത്തരവ്. നടിക്ക് പുറമെ സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ലിച്ചാവി ഫൗണ്ടേഷൻ സ്ഥാപക അദിതി സിംഗിൽ നിന്നായിരുന്നു ഇവർ പണം തട്ടിയത്. കേസിലെ പ്രധാന പ്രതികളായ സുകേഷും ഭാര്യ ലീന മരിയ പോൾ എന്നിവർക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ പ്രകാരവും കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, ജാക്വലിൻ ഫെർണാണ്ടസ് കൊള്ളയടിക്കൽ കേസിൽ പ്രതിയല്ല.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മ വ്യക്തമാക്കുകയായിരുന്നു. സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ, ജാക്വലിൻ ഫെർണാണ്ടസ്, പിങ്കി ഇറാനി എന്നിവരുൾപ്പെടെയുള്ള 17 പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്താൻ തക്കതായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾക്കായി കേസ് ജൂൺ മൂന്നിലേക്ക് മാറ്റി.
ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ സിംഗിന്റെ ഭാര്യ അദിതി സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന സുകേഷും സംഘവും അദിതിയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുത്തത്.
ഇ.ഡി തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വലിൻ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ ജാമ്യത്തിലാണ് താരം. കൂടാതെ, കേസിൽ മാപ്പുസാക്ഷിയാകാൻ സമർപ്പിച്ചിരുന്ന അപേക്ഷ ജാക്വലിൻ അടുത്തിടെ പിൻവലിക്കുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖർ നിലവിൽ ജയിലിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകേഷിന്റെ ഭാര്യ ലീന മരിയയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും കൊള്ളയടിക്കൽ കേസിൽ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |